ഗോധന്‍ ന്യായ് പദ്ധതി പ്രകാരം ഗോമൂത്രം ലിറ്ററിന് നാല് രൂപക്ക് വാങ്ങാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍. ജൂലൈ 28ന് ഇതിന് തുടക്കം കുറിക്കും. ഹരേലി ഉത്സവദിനത്തില്‍ പശുമൂത്രം വാങ്ങുന്ന പദ്ധതിക്ക് തുടക്കമാകും.
പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ജൈവ കര്‍ഷകര്‍ക്കും വരുമാനം നല്‍കാനും ഗ്രാമീണ സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ‘ഗോധന്‍ ന്യായ് യോജന’ രണ്ട് വര്‍ഷം മുമ്ബ് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത രണ്ട് സ്വയംസഹായ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങളില്‍നിന്നുമാണ് ഗോമൂത്രം വാങ്ങുക. സംസ്ഥാനത്ത് ഗോമൂത്രം വാങ്ങുന്നതിന് ലിറ്ററിന് ചുരുങ്ങിയത് 4 രൂപ നല്‍കണമെന്നാണ് നിര്‍ദേശം. ഗോധന്‍ ന്യായ് മിഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അയ്യാസ് തംബോലി എല്ലാ കലക്ടര്‍മാരോടും ഗോമൂത്രം വാങ്ങുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് സ്വതന്ത്ര ഏജന്‍സികളെ കണ്ടെത്തുന്നതിനും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും ഒപ്പം പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ വനിതാ ഗ്രൂപ്പിനെ തെരഞ്ഞെടുക്കുന്നതിനും കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണം. സംഭരിക്കുന്ന ഗോമൂത്രം കീടനിയന്ത്രണ ഉല്‍പന്നങ്ങളും പ്രകൃതിദത്ത ദ്രാവക വളവും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്ന് തംബോലി അറിയിച്ചു.
രണ്ട് വര്‍ഷം മുമ്ബ് 2020 ജൂലൈയില്‍ ഹരേലി ഉത്സവത്തില്‍ ഛത്തീസ്ഗഡ് ‘ഗോധന്‍ ന്യായ് യോജന’ ആരംഭിച്ചു. ഇതിന് കീഴില്‍ മണ്ണിര കമ്ബോസ്റ്റ് തയ്യാറാക്കുന്നതിനായി ഗോതന്‍സില്‍ നിന്ന് കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ചാണകം സംഭരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 20 ലക്ഷം ക്വിന്റലിലധികം മണ്ണിര കമ്ബോസ്റ്റ്, സൂപ്പര്‍ കമ്ബോസ്റ്റ്, സൂപ്പര്‍ പ്ലസ് കമ്ബോസ്റ്റ് എന്നിവ ചാണകത്തില്‍ നിന്ന് വനിതാ സ്വയം സഹായ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് 143 കോടി രൂപ ലഭിച്ചു. ഈ പദ്ധതി പ്രകാരം 150 കോടിയിലധികം വിലമതിക്കുന്ന ചാണകവും സംഭരിച്ചിട്ടുണ്ട്.