Home തിരഞ്ഞെടുത്ത വാർത്തകൾ വിമാനത്തില്‍ കൊടുംചൂട്; വീശി വീശി മടുത്തു, ശാരീരികാസ്വാസ്ഥ്യം, യാത്രക്കാ‍‍‍ര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ സ‍ര്‍വീസ് റദ്ദാക്കി

വിമാനത്തില്‍ കൊടുംചൂട്; വീശി വീശി മടുത്തു, ശാരീരികാസ്വാസ്ഥ്യം, യാത്രക്കാ‍‍‍ര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ സ‍ര്‍വീസ് റദ്ദാക്കി

by ടാർസ്യുസ്

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ അസഹനീയമായ ചൂടിനെത്തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. ഡല്‍ഹിയില്‍നിന്ന് പൂണെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ്(SG105) യാത്രക്കാർക്ക് അസഹനീയമായ ചൂട് അനുഭവപ്പെട്ടത്.തുടർന്ന് യാത്രക്കാർ പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ വിമാനത്തിന്റെ യാത്ര റദ്ദാക്കി.ചൊവ്വാഴ്ച പുലർച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പൂണെയിലേക്ക് പോകാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ് യാത്രക്കാർക്ക് ദുരനുഭവമുണ്ടായത്. വിമാനത്തിനുള്ളില്‍ കയറിയതിന് പിന്നാലെ യാത്രക്കാർക്കെല്ലാം കടുത്ത ചൂട് അനുഭവപ്പെടുക്കുകയായിരുന്നു. വിമാനത്തിലെ എയർകണ്ടീഷൻ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ഇതോടെ പലരും മാസികകളും പത്രങ്ങളും കൈയിലെടുത്ത് വീശിത്തുടങ്ങി. ചിലർക്ക് ശ്വാസമെടുക്കാനടക്കം ബുദ്ധിമുട്ട് നേരിട്ടു. പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങളുമുണ്ടായി. ഇതോടെയാണ് യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചത്. തുടർന്ന് ടേക്ക് ഓഫിന് മുൻപായി യാത്രക്കാർ ബഹളംവെച്ച്‌ പുറത്തിറങ്ങി. സ്പൈസ് ജെറ്റ് തങ്ങളുടെ ജീവൻവെച്ച്‌ കളിക്കുന്നത് അവസാനിപ്പിക്കണമെന്നടക്കം മുദ്രാവാക്യം മുഴക്കി. അതിനിടെ, ചൂടിനെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോള്‍ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതായും യാത്രക്കാർ ആരോപിച്ചു.യാത്രക്കാർ വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയതോടെ സ്പൈസ് ജെറ്റിന്റെ സാങ്കേതിക വിഭാഗം പരിശോധനയ്ക്കെത്തിയെന്നാണ് പറയുന്നത്.

തുടർന്ന് വിമാനത്തില്‍ ചില സാങ്കേതികപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും വിമാനത്തിന്റെ യാത്ര റദ്ദാക്കിയതായും പൂണെയിലേക്ക് പുലർച്ചെ അഞ്ചുമണിക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും യാത്രക്കാർ പറഞ്ഞു. അതേസമയം, അവസാനനിമിഷമുണ്ടായ സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് ഡല്‍ഹിയില്‍നിന്ന് പൂണെയിലേക്കുള്ള എസ്ജി 105 വിമാനം റദ്ദാക്കിയതായും പകരം മറ്റൊരു വിമാനം ഏർപ്പെടുത്തിയെന്നും സ്പൈസ് ജെറ്റ് വക്താവും അറിയിച്ചു. എന്നാല്‍, വിമാനത്തിലെ എയർകണ്ടീഷനിങ് സംവിധാനം പ്രവർത്തിച്ചിരുന്നതായും നിലവിലെ ഡല്‍ഹിയിലെ കാലാവസ്ഥ കാരണമാണ് പല യാത്രക്കാർക്കും അസ്വസ്ഥ അനുഭവപ്പെട്ടതെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group