Home തിരഞ്ഞെടുത്ത വാർത്തകൾ രണ്ട് ദിവസത്തിൽ 76 കോടി; ബോക്സ് ഓഫീസിൽ ‘ദൃശ്യം 3’ തരംഗം

രണ്ട് ദിവസത്തിൽ 76 കോടി; ബോക്സ് ഓഫീസിൽ ‘ദൃശ്യം 3’ തരംഗം

കൊച്ചി: റിലീസ് ചെയ്ത രണ്ടാം ദിനത്തിലും ബോക്സ് ഓഫീസില്‍ ജൈത്രയാത്ര തുടർന്ന് മോഹൻലാല്‍ ചിത്രം ‘ദൃശ്യം 3’. രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 11.05 കോടി രൂപയാണ് ചിത്രം നേടിയത്.ആദ്യ ദിനത്തിലെ 15.85 കോടിയില്‍ നിന്ന് കളക്ഷനില്‍ നേരിയ കുറവുണ്ടായെങ്കിലും തീയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ രണ്ടു ദിവസത്തെ പ്രദർശനം പൂർത്തിയാകുമ്പോള്‍ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 26.90 കോടി രൂപയായി ഉയർന്നു.ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷൻ 31.18 കോടി രൂപയാണെന്ന് സിനിമാ ട്രാക്കിങ് വെബ്‌സൈറ്റായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. വിദേശ വിപണിയിലും ജോർജുകുട്ടിയുടെ മൂന്നാം വരവിന് വൻ വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്ടാം ദിനത്തില്‍ മാത്രം 20 കോടി രൂപയാണ് വിദേശത്തുനിന്ന് ചിത്രം ഗ്രോസ് കളക്ഷനായി നേടിയത്. ഇതോടെ രണ്ട് ദിവസത്തെ ആകെ വിദേശ കളക്ഷൻ 45 കോടിയായി. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് വെറും രണ്ട് ദിവസം കൊണ്ട് 76.18 കോടി രൂപയാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പായ മലയാളം കാണാനാണ് പ്രേക്ഷകർ കൂടുതല്‍ താല്പര്യം കാണിക്കുന്നത്. മലയാളം പതിപ്പില്‍ മാത്രം ശരാശരി 56.44 ശതമാനം തിയേറ്റർ ഒക്യുപൻസി (തീയേറ്ററിലെ ആളുകളുടെ എണ്ണം) രേഖപ്പെടുത്തി. രാത്രി ഷോകളില്‍ ഇത് 68.33 ശതമാനം വരെയായി ഉയർന്നു. തമിഴ് പതിപ്പിന് 38.05 ശതമാനവും തെലുങ്ക് പതിപ്പിന് 18.42 ശതമാനവും കന്നഡ പതിപ്പിന് 17.58 ശതമാനവും ഒക്യുപൻസി ലഭിച്ചു. 2,875 ഷോകളിലായി പ്രദർശിപ്പിച്ച മലയാളം പതിപ്പ് മാത്രം രണ്ടാം ദിനം 9.85 കോടി രൂപ നേടി.തെലുങ്ക് പതിപ്പ് 70 ലക്ഷവും തമിഴ് 40 ലക്ഷവും കന്നഡ പതിപ്പ് 10 ലക്ഷം രൂപയും കളക്ഷനിലേക്ക് സംഭാവന ചെയ്തു. കേരളത്തില്‍ കൊച്ചിയാണ് ഒക്യുപൻസിയില്‍ ഏറ്റവും മുന്നില്‍ (85.3%). ഇവിടെ വൈകുന്നേരത്തെ ഷോകളില്‍ 93 ശതമാനം തിയേറ്റർ ഒക്യുപൻസിയാണ് ചിത്രം നേടിയത്. കോഴിക്കോട് (82.5%), കോട്ടയം (81%), കൊല്ലം (77.3%), തൃശൂർ (75.8%), ആലപ്പുഴ (73.8%), തിരുവനന്തപുരം (62.8%) എന്നിങ്ങനെ കേരളത്തിലുടനീളം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.കേരളത്തിന് പുറത്ത് ചെന്നൈയില്‍ 46.3 ശതമാനവും ബെംഗളൂരുവില്‍ 31 ശതമാനവും ഒക്യുപൻസി മലയാളം ഷോകള്‍ക്ക് ലഭിച്ചു.

തെലുങ്ക് സംസ്ഥാനങ്ങളില്‍ വറംഗല്‍ (35.8%), കരീംനഗർ (36.8%) എന്നീ കേന്ദ്രങ്ങളാണ് മുന്നില്‍. തമിഴ്നാട്ടില്‍ പുതുച്ചേരിയില്‍ രാത്രി ഷോകളില്‍ 99 ശതമാനം ഒക്യുപൻസിയോടെ വൻ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്. കന്നഡയില്‍ ഹുബ്ബള്ളിയും തുമക്കൂരുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 3’, ജോർജുകുട്ടിയുടെ ഒളിപ്പിച്ചു വെച്ച ഭൂതകാലം എങ്ങനെ അയാളുടെ കുടുംബത്തിന്റെ ഭാവിയെ വീണ്ടും ബാധിക്കുന്നു എന്ന കഥയാണ് പറയുന്നത്. മോഹൻലാലിനൊപ്പം സിദ്ദിഖ്, ആശ ശരത്, എസ്തർ അനില്‍, അൻസിബ ഹസൻ, മീനാക്ഷി തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. 2 മണിക്കൂറും 39 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group