Home Featured എന്റെ വീട്ടിലെ കുഴൽക്കിണറും വറ്റി’; ബെംഗളൂരുവിലെ ജലക്ഷാമത്തിൽ പ്രതികരിച്ച് മന്ത്രി ഡികെ ശിവകുമാർ

എന്റെ വീട്ടിലെ കുഴൽക്കിണറും വറ്റി’; ബെംഗളൂരുവിലെ ജലക്ഷാമത്തിൽ പ്രതികരിച്ച് മന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: വേനൽ കനത്തതോടെ ബെംഗളൂരുവിലെ ജലക്ഷാമം രൂക്ഷമായതിന് പിന്നാലെ എന്ത് വിലകൊടുത്തും നഗരത്തിൽ സർക്കാർ മതിയായ ജലവിതരണം ഉറപ്പാക്കുമെന്ന ഉറപ്പുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തന്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിവരണ്ടെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.ഞങ്ങൾ കടുത്ത ജലപ്രതിസന്ധി നേരിടുകയാണ്, എന്നാൽ എന്തുവിലകൊടുത്തും നഗരത്തിൽ ജലവിതരണം ഉറപ്പാക്കും,” കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ആവശ്യത്തിന് മഴയി പെയ്യാത്തതിനാൽ കുഴൽക്കിണറുകൾ വറ്റി വരണ്ടതോടെ ബെംഗളൂരുവില കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. ദിവസേനയുള്ള ജല ഉപയോഗത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റസിഡൻഷ്യൽ സൊസൈറ്റികൾ നിർദേശിച്ചിട്ടുണ്ട്.ഈ പ്രതിസന്ധികൾക്കിടയിൽ, നിരവധി സ്വകാര്യ വാട്ടർ ടാങ്കറുകൾ വെള്ളം എത്തിക്കുന്നതിന് പ്രദേശവാസികളിൽ നിന്ന് നിന്ന് അമിത തുക ഈടാക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചും ഡികെ ശിവകുമാർ പരാമർശം നടത്തി.”ചില ടാങ്കറുകൾ 600 രൂപയ്ക്ക് വെള്ളം വിതരണം ചെയ്യുന്നു, മറ്റുള്ളവ 3,000 രൂപ വരെ ഈടാക്കുന്നു. വില ഏകീകരിക്കുന്നതിനായി എല്ലാ വാട്ടർ ടാങ്കറുകളോടും ബന്ധപ്പെട്ട ഇടങ്ങളിൽ രജിസ്‌റ്റർ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്കറുകൾ സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കി വിലകൾ നിശ്ചയിക്കും” അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയുന്ന മേക്കേദാട്ടു റിസർവോയർ പദ്ധതി സ്‌തംഭിപ്പിക്കുകയാണെന്ന് ആരോപിച്ച് മന്ത്രി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. “ബംഗളൂരുവിലെ ജലവിതരണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങൾ മേക്കേദാട്ടു പദ്ധതി ആരംഭിച്ചത്. പദ്ധതി അംഗീകരിക്കാൻ ഞങ്ങൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടും കേന്ദ്രം ഇതിന് അനുമതി നൽകിയിട്ടില്ല. നിലവിലെ പ്രതിസന്ധിയുടെ തീവ്രത കണക്കിലെടുത്തെങ്കിലും കേന്ദ്രം ഇതിന് അനുമതി നൽകണം” അദ്ദേഹം ആവശ്യപ്പെട്ടു.”മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ആർഡിപിആർ മന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുമായി വരൾച്ച പ്രശ്‌നം ചർച്ച ചെയ്‌തു.

നഗരത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിലുള്ള ജലസ്രോതസ്സുകളിൽ നഗരപ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാമനഗര, ഹൊസകോട്ട്, ചന്നപട്ടണ, മഗഡി തുടങ്ങിയ നഗരങ്ങളിൽ നിന്ന് വാട്ടർ ടാങ്കറുകൾ ഉപയോഗിച്ച് ബെംഗളൂരു നഗരത്തിലേക്ക് വെള്ളം കൊണ്ടുവരും” അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, മാർച്ച് 7-നകം എല്ലാ ടാങ്കറുകളും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ രജിസ്‌റ്റർ ചെയ്യണമെന്നും അങ്ങനെ ചെയ്യാത്ത ടാങ്കറുകൾ കണ്ടുകെട്ടുമെന്നും ഡികെ ശിവകുമാർ സംസ്ഥാനത്തുടനീളമുള്ള വാട്ടർടാങ്കർ ഉടമകൾക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ജലക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ 556 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group