ബെംഗളൂരു നഗരത്തില്‍ ഉയർന്ന ശമ്പളമുള്ള ജോലി, സമ്പാദിക്കാൻ പിന്നെ എന്ത് വേണം എന്നായിരിക്കും പൊതുവെയുള്ള ചോദ്യം.എന്നാല്‍ അങ്ങനെയല്ലെന്ന് പറയുന്ന ടെക്കിയുടെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും മാസാവസാനം വെറും 15,000 മുതല്‍ 20,000 രൂപ വരെ മാത്രമാണ് മിച്ചം വെക്കാൻ കഴിയുന്നതെന്നാണ് ഇദ്ദേഹം പറയുന്നത് ‘ആല്ഫിൻകോഡ്സ്’ എന്ന ഉപയോക്താവാണ് എക്സിലൂടെ തൻ്റെ അനുഭവം പങ്കുവെച്ചത്.കമ്പ്യൂട്ടർ സയൻസില്‍ ബിരുദദാരിയാണ് ഇദ്ദേഹം. സോഫ്റ്റ്വെയർ ഡെവലപ്പർ ആയാണ് ബെംഗളൂരുവില്‍ ജോലി നോക്കുന്നത്. 1.5 ലക്ഷം രൂപ പ്രതിമാസ ശമ്പളമുള്ള ജോലി ലഭിച്ചതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ഹാപ്പി. സാമ്പത്തികമായി വലിയ നിലയിലെത്തി എന്ന രീതിയിലാണ് യുവാവിനോട് പലരും ഇടപെട്ടത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം നഗരജീവിതത്തിന്റെ യഥാർത്ഥ ചെലവ് അദ്ദേഹം തിരിച്ചറിഞ്ഞുവെന്ന് പോസ്റ്റില്‍ പറയുന്നു.
ഓഫീസിനടുത്ത് താമസിക്കാനായി എടുത്ത ചെറിയ അപ്പാർട്ട്മെന്റിന് മാത്രം പ്രതിമാസം ഏകദേശം 36,000 രൂപ വാടകയായി ചെലവായി. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍ എന്നിവയ്ക്കായി 13,000 മുതല്‍ 15,000 രൂപ വരെ ചിലവാകുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം ദിവസേനയുള്ള യാത്രകള്‍ക്കായി ക്യാബുകളും ഓട്ടോറിക്ഷകളും ആശ്രയിക്കേണ്ടി വന്നതോടെ പ്രതിമാസ യാത്രാച്ചെലവ് 6,000 മുതല്‍ 8,000 രൂപവരെ എത്തി.ഇതിനുപുറമെ ഓണ്‍ലൈൻ ഭക്ഷണ ഓർഡറുകള്‍, കാപ്പി, വാരാന്ത്യ വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജീവിതശൈലി ചെലവുകള്‍ക്കായി 10,000 മുതല്‍ 12,000 രൂപവരെ ചെലവായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. സബ്സ്ക്രിപ്ഷൻ സേവനങ്ങള്‍, ചികിത്സാചെലവുകള്‍, അപ്രതീക്ഷിത ബില്ലുകള്‍, വീട്ടിലേക്ക് അയക്കുന്ന പണം തുടങ്ങിയവയും മാസച്ചെലവ് കൂട്ടുന്നുണ്ടത്രേ.ഇത്രയും ചെലവുകള്ക്കൊടുവില്, 1.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നിട്ടും ഓരോ മാസവും 15,000 മുതല്‍ 20,000 രൂപ വരെ മാത്രമാണ് ലാഭിക്കാനായതെന്ന് പോസ്റ്റില്‍ ഇദ്ദേഹം ചൂണ്ടിക്കാട്ടി “നാട്ടില്‍ ഒരു ലക്ഷത്തിലധികം ശമ്പളം വലിയ തുകയായി തോന്നാം. എന്നാല്‍ ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ അത് ജീവിതം തുടങ്ങാനുള്ള ഒരു അടിസ്ഥാന വരുമാനമായി മാത്രം മാറുന്ന സാഹചര്യമുണ്ട്, എന്നാണ് അദ്ദേഹം കുറിക്കുന്നത്.
എന്തായാലും പോസ്റ്റ് നിമില്‍ നേരം കൊണ്ടാണ് വൈറലായത്. സോഷ്യല്‍ മീഡിയയില്‍ വ്യാപക ചർച്ചയ്ക്കും ഇത് വഴിവെച്ചു.നഗരങ്ങളിലെ ഉയർന്ന വാടകയും ഗതാഗതച്ചെലവും യാഥാർത്ഥ്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാല്‍ ചെലവ് എന്നത് പൂർണമായും വ്യക്തിയുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നവെന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതേസമയം ചെലവുകള്‍ നിയന്ത്രിച്ചാല്‍ കൂടുതല്‍ തുക ലാഭിക്കാനാകുമെന്ന അഭിപ്രായവും നിരവധി പേർ പങ്കുവെച്ചു. ചിലർ ബെംഗളൂരുവിലെ ടെക് മേഖലയിലെ ഉയർന്ന ശമ്പളവും അതിനൊപ്പമുള്ള ജീവിതച്ചെലവും തമ്മിലുള്ള വ്യത്യാസമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ കൂടുമ്പോള്‍ മാസം 20,000 രൂപയെങ്കിലും ലാഭിക്കാൻ കഴിയുന്നത് തന്നെ മെച്ചമാണെന്ന നിലപാടും ചിലർ പങ്കുവെച്ചു. ഉയർന്ന ശമ്പളമുള്ള നഗരജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ എളുപ്പമല്ലെന്നും, പ്രത്യേകിച്ച് പുതിയ തലമുറ ഐടി ജീവനക്കാർക്ക് സാമ്പത്തിക ആസൂത്രണം നിർണായകമാണെന്നുമാണ് ഈ ചർച്ചകള്‍ വീണ്ടും മുന്നോട്ടുവെക്കുന്നത്.