ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും അനിശ്ചിതത്വത്തില്‍. ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കാന്‍ തിരുവനന്തപുരത്തേക്ക് തിരിക്കാനിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ യാത്ര മുടങ്ങി.സാങ്കേതിക കാരണങ്ങളാല്‍ വിമാനം റദ്ദാക്കിയതോടെ അവര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. ഫ്‌ലൈറ്റ് ലഭ്യമാകുന്ന മുറയ്ക്ക് അവര്‍ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി കേരളം കാതോര്‍ക്കുന്ന പത്താം ദിവസമാണിന്ന്. ഡല്‍ഹിയില്‍ നിന്നുള്ള ദൂതയായി ദീപാ ദാസ് മുന്‍ഷി എത്തുന്നതോടെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുമെന്ന് കരുതിയിരുന്നെങ്കിലും യാത്ര മുടങ്ങിയത് കാത്തിരിപ്പിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. കേരളത്തിന്റെ പുതിയ നായകനെ സംബന്ധിച്ച കവര്‍ ചെയ്ത കത്തുമായിട്ടാണ് അവര്‍ എത്തുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ക്യാമ്പുകള്‍ ഒരുപോലെ ആത്മവിശ്വാസത്തിലാണ്.ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണയും ഹൈക്കമാന്‍ഡിലെ സ്വാധീനവുമാണ് കെ.സി പക്ഷത്തിന്റെ കരുത്ത്.
ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെ കെ.സി തന്നെ മുഖ്യമന്ത്രിയെന്ന വികാരം ശക്തമാണ്. ജനവികാരവും സോഷ്യല്‍ മീഡിയയിലെ പിന്തുണയും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സതീശന്‍ പക്ഷത്തിന്റെ പ്രതീക്ഷ. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് മാനിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. പരിചയസമ്പത്തും ഗ്രൂപ്പ് സമവാക്യങ്ങളും തനിക്ക് തുണയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ചെന്നിത്തല.പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് വഴക്കോ പൊട്ടിത്തെറിയോ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കമാന്‍ഡ് മുന്‍കരുതല്‍ എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ്. എങ്കിലും ദീപാ ദാസ് മുന്‍ഷിയുടെ യാത്ര മുടങ്ങിയത് പ്രഖ്യാപനം വൈകാന്‍ കാരണമാകും.