ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ നടൻ ദർശന് സുപ്രീംകോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരു വർഷം കൂടി കാത്തിരിക്കാനാണ് സുപ്രീംകോടതി ദർശനോട് നിർദേശിച്ചിരിക്കുന്നത്.കേസില്‍ വിചാരണ വേഗത്തില്‍ നടക്കുന്നുണ്ടോയെന്ന് ഒരു വർഷം നിരീക്ഷിക്കാമെന്നും, കാര്യമായ പുരോഗതിയില്ലെങ്കില്‍ മാത്രം ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.കേസില്‍ വിചാരണ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് ദർശൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ജെ.പി. പർദിവാല, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കർശന നിർദേശം നല്‍കിയത്. വിചാരണ നടപടികള്‍ വേഗത്തിലാക്കാൻ ബെംഗളൂരുവിലെ വിചാരണക്കോടതിയോട് നിർദേശിച്ച സുപ്രീംകോടതി, ദൈനംദിനാടിസ്ഥാനത്തില്‍ സാക്ഷികളെ വിസ്തരിക്കണമെന്നും അനാവശ്യമായി കേസ് നീട്ടിക്കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു.
തനിക്ക് ജയിലില്‍ ഏകാന്തതടവാണെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയാണെന്നുമുള്ള ദർശന്റെ ആരോപണങ്ങള്‍ സംസ്ഥാന സർക്കാർ അഭിഭാഷകനും ജയില്‍ ചീഫ് സൂപ്രണ്ടും സത്യവാങ്മൂലത്തിലൂടെ ശക്തമായി നിഷേധിച്ചു. ഇതേത്തുടർന്നാണ് വിചാരണയുടെ പുരോഗതി വിലയിരുത്തിയ ശേഷം മാത്രം ഒരു വർഷം കഴിഞ്ഞ് ജാമ്യം പരിഗണിച്ചാല്‍ മതിയെന്ന് കോടതി തീരുമാനിച്ചത്.ദർശന്റെ സുഹൃത്തായ നടി പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിലുള്ള പകയെത്തുടർന്ന് ചിത്രദുർഗ്ഗ സ്വദേശിയായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2024 ജൂണ്‍ ഒൻപതിന് രേണുകാസ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തുകയും ജൂണ്‍ 11-ന് ദർശനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.കർണാടക ഹൈക്കോടതി 2024 ഡിസംബറില്‍ ദർശനും പവിത്രഗൗഡയ്ക്കും ജാമ്യം അനുവദിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റില്‍ സുപ്രീംകോടതി ജാമ്യം റദ്ദാക്കി. തുടർന്നാണ് വിചാരണ വൈകുന്നതിന്റെ പേരില്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്.