ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തില്‍ ഒമ്പത് തൊഴിലാളികള്‍ മരണപ്പെട്ടു.ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.ദുരന്തവിവരമറിഞ്ഞ് താവരെക്കരെ പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ക്വാറിയില്‍ വീണുകിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.ഇനിയും നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സംഭവസ്ഥലത്ത് നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്.മരണപ്പെട്ടവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.