ബെംഗളൂരു: ഓണ്‍ലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം സമയം ചിലവഴിച്ച യുവതി, വർഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റർനെറ്റില്‍ പ്രചരിക്കുന്നതായി കണ്ടെത്തി.ബെംഗളൂരു സ്വദേശിയായ 28-കാരിയാണ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ചതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 2022 നവംബറിലാണ് യുവതി ‘ബംബിള്‍’ എന്ന ഡേറ്റിങ് ആപ്പിലൂടെ ഒരു യുവാവിനെ പരിചയപ്പെടുന്നത്. ആപ്പിലെ ചാറ്റിങ്ങിന് ശേഷം ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകള്‍ കൈമാറുകയും പരസ്പരം തുടർന്ന് യുവാവിന്റെ അപ്പാർട്ട്മെന്റില്‍ വെച്ച് നേരിട്ട് കാണാൻ തീരുമാനിക്കുകയും ചെയ്തു.അപ്പാർട്ട്മെന്റില്‍ എത്തിയ യുവതിക്ക് ഇയാള്‍ കുടിക്കാൻ ജ്യൂസ് നല്‍കുകയും, തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്തു.എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് യുവതിയോടുള്ള ആശയവിനിമയം പടിപടിയായി കുറയ്ക്കുകയും, പിന്നീട് ഇൻസ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും യുവതിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഇതോടെ യുവാവിനെ ബന്ധപ്പെടാൻ യുവതിക്ക് മറ്റ് വഴികളില്ലാതായി. എന്നാല്‍, ഏകദേശം നാല് വർഷങ്ങള്‍ക്ക് ശേഷം, തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ റെഡ്ഡിറ്റിലും മറ്റൊരു അശ്ലീല വെബ്സൈറ്റിലും പ്രചരിക്കുന്നതായി യുവതി കണ്ടെത്തുകയായിരുന്നു. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തി ഇന്റർനെറ്റില്‍ അപ്ലോഡ് ചെയ്തത്.തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിച്ചതിനെതിരെ ജൂണ്‍ 19-നാണ് യുവതി പോലീസിനെ സമീപിച്ചത്. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ എങ്ങനെയാണ് റെക്കോർഡ് ചെയ്തതെന്നും ആരാണ് ഇത് ഇന്റർനെറ്റില്‍ അപ്ലോഡ് ചെയ്തതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവില്‍ വെബ്സൈറ്റുകളില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.