ബെംഗളൂരു: ഇന്ധനവില വർധനവിനെ തുടർന്ന് കർണാടകയില്‍ സ്വകാര്യ ബസ് നിരക്കുകള്‍ കുത്തനെ കൂട്ടി. 20 മുതല്‍ 30 ശതമാനം വരെയുള്ള വൻ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നതോടെ ദീർഘദൂര യാത്രക്കാർക്ക് ഒരു സീറ്റിന് ശരാശരി 200 രൂപയോളം അധികം നല്‍കേണ്ടി വരും.ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകളെയും ഈ നിരക്ക് വർധന ബാധിക്കും. പുതിയ മാറ്റമനുസരിച്ച് ബെംഗളൂരു – ബെലഗാവി റൂട്ടിലെ നിരക്ക് 1,200 രൂപയില്‍ നിന്ന് 1,400 രൂപയായും, മംഗളൂരു/ഉഡുപ്പി റൂട്ടില്‍ 1,000 രൂപയില്‍ നിന്ന് 1,200 രൂപയായും വർധിച്ചു. കൂടാതെ ബെംഗളൂരു – കലബുറഗി റൂട്ടില്‍ ടിക്കറ്റ് നിരക്ക് 1,200 രൂപയില്‍ നിന്ന് 1,500 രൂപയായി ഉയർന്നിട്ടുണ്ട്.പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ വർധനവ് തങ്ങള്‍ക്ക് പ്രതിമാസം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു.
ഇന്ധനച്ചെലവ് ഇനത്തില്‍ മാത്രം ഓരോ വാഹനത്തിനും മാസം 15,000 രൂപയുടെ അധികച്ചെലവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ റോഡ് ടാക്സ് വർധിപ്പിച്ചതും, കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ സ്ത്രീ യാത്ര ഉറപ്പാക്കുന്ന സർക്കാരിന്റെ ‘ശക്തി പദ്ധതി’ കാരണം വരുമാനത്തില്‍ ഇടിവുണ്ടായതും സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നതാണ്, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കുത്തനെ കൂടാൻ കാരണമായത്. അതേസമയം, കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള സർക്കാർ ബസുകളുടെ ചാർജ് നിലവില്‍ വർധിപ്പിക്കാൻ തീരുമാനമില്ലെന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.