ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് നിർണായക നേട്ടം. 40 കോടി യാത്രക്കാരെന്ന നേട്ടം വിമാനത്താവളം സ്വന്തമാക്കിയെന്ന് വിമാനത്താവള നടത്തിപ്പുകാരായ ബാംഗ്ലൂർ ഇൻ്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (BIAL) അറിയിച്ചു.വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെ ആണ് 40 കോടി യാത്രക്കാരെ കൈകാര്യം ചെയ്തത്. ബാംഗ്ലൂർ ഇൻ്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡിന്റെ 134-ാമത് ബോർഡ് യോഗം കർണാടക ചീഫ് സെക്രട്ടറി ശാലിനി രാജ്നീസിൻ്റെ അധ്യക്ഷതയില്‍ നടന്നു.2025-26 സാമ്പത്തിക വർഷം 4.447 കോടി യാത്രക്കാരെ ആണ് വിമാനത്താവളം കൈകാര്യം ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ മുൻവർഷത്തേക്കാള്‍ 6.2 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യാന്തര യാത്രക്കാരുടെ എണ്ണം 23.9 ശതമാനം വർധിച്ച് 72.3 ലക്ഷമായ ഉയർന്നു.
അതേസമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 3.3 ശതമാനം വർധിച്ചു 3.724 കോടിയായി.ബെംഗളൂരു നഗരത്തില്‍നിന്ന് 35 കിലോമീറ്ററുകള്‍ക്ക് അപ്പുറം സ്ഥിതിചെയ്യുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 78 ആഭ്യന്തര സർവീസുകളും 34 രാജ്യാന്തര സർവീസുകളാണ് നടത്തുന്നത്. 2025-26 സാമ്പത്തിക വർഷം വിമാനത്താവളത്തില്‍നിന്ന് 2.7 ലക്ഷം വിമാനങ്ങള്‍ സർവീസ് നടത്തി. മുൻവർഷത്തേക്കാള്‍ ഇത് 4.5 ശതമാനം വർധിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി 769 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന ശരാശരി സർവീസുകളുടെ എണ്ണം 837 ആണ്. വിമാനത്താവളത്തിലൂടെ പ്രതിദിനം കടന്നുപോകുന്നവരുടെ എണ്ണം 1.39 ലക്ഷമായി ഉയർന്നിട്ടുണ്ട്.അതേസമയം വിമാനത്താവളത്തിൻ്റെ ചരക്കുനീക്കത്തിലും വർധന രേഖപ്പെടുത്തി. മുൻവർഷത്തേക്കാള്‍ ആറ് ശതമാനം വർധിച്ച് 5.32 ലക്ഷം ടണ്‍ ചരക്കാണ് വിമാനത്താവളം കൈകാര്യം ചെയ്തത്.