Home കർണാടക ചാറ്റ്ജിപിടിയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബെംഗളൂരു ഓട്ടോ ഡ്രൈവര്‍; വൈറല്‍ വീഡിയോ കണ്ട് പ്രതികരിച്ച്‌ ചാറ്റ്ജിപിടി

ചാറ്റ്ജിപിടിയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ബെംഗളൂരു ഓട്ടോ ഡ്രൈവര്‍; വൈറല്‍ വീഡിയോ കണ്ട് പ്രതികരിച്ച്‌ ചാറ്റ്ജിപിടി

by ടാർസ്യുസ്

ബെംഗളൂരു: സാങ്കേതികവിദ്യയുടെ ലോകത്ത് അത്ഭുതങ്ങള്‍ സാധാരണക്കാർക്കിടയിലേക്കും എത്തുന്നു എന്നതിന് തെളിവായി ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.തന്റെ നിത്യജീവിതത്തില്‍ ചാറ്റ്ജിപിടി എങ്ങനെ സഹായകരമാകുന്നു എന്ന് വളരെ വ്യക്തമായി വിവരിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് കന്നഡയില്‍ മറുപടി ആവശ്യപ്പെടുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. താൻ നാല് മാസം മുൻപ് ചോദിച്ച കാര്യങ്ങള്‍ പോലും ചാറ്റ്ജിപിടി ഓർത്തു വെച്ച്‌ മറുപടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.ജോലിസംബന്ധമായ കാര്യങ്ങള്‍ മുതല്‍ വിവാഹം വരെയുള്ള ജീവിതത്തിലെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം ചാറ്റ്ജിപിടിയുടെ സഹായം തേടാറുണ്ട്.

തത്സമയ വോയ്സ് സംഭാഷണങ്ങള്‍ നടത്താനും കന്നഡയില്‍ എഴുതാനും സംസാരിക്കാനും ചാറ്റ്ജിപിടിക്ക് കഴിയുന്നത് തന്നെ ഏറെ ആകർഷിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കെ.പി. ജ്യോതിഷത്തെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ ചിലപ്പോഴൊക്കെ പൂർണ്ണമല്ലാത്ത വിവരങ്ങളാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ഡാറ്റാബേസിന്റെ അഭാവമാകാം ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ചാറ്റ്ജിപിടിയുടെ ഔദ്യോഗിക അക്കൗണ്ട് തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. “പൂക്കി അങ്കിളിനെ സഹായിക്കാൻ എപ്പോഴും സന്തോഷമേയുള്ളൂ, ഇത് പങ്കുവെച്ചതിന് നന്ദി” എന്നായിരുന്നു ചാറ്റ്ജിപിടിയുടെ കന്നഡയിലുള്ള മറുപടി. സാങ്കേതികവിദ്യ എങ്ങനെ സാധാരണക്കാരുടെ ജീവിതത്തെ മാറ്റുന്നു എന്നതിനെക്കുറിച്ച്‌ ഈ വീഡിയോ വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിതുറന്നിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group