വിമാന ഇന്ധനത്തിന്റെ മേലുള്ള വാറ്റ് നികുതി ഗണ്യമായി കുറച്ച തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നടപടിയെ പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍.അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, വിമാനക്കമ്പനികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ചെന്നൈയില്‍ വാറ്റ് നികുതി 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 1 ശതമാനമായും തമിഴ്നാട് കുറച്ചു.ഈ നടപടിയെ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു അഭിനന്ദിച്ചു. ‘വിമാന ഇന്ധനത്തിന്റെ മേലുള്ള വാറ്റ് നികുതി കുറയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. വ്യോമയാന മേഖലയ്ക്ക് ഇതൊരു സ്വാഗതാര്‍ഹമായ ചുവടുവെപ്പാണ്. മുഖ്യമന്ത്രി വിജയ്, ഈ മുന്‍കൈ എടുത്തതിന് നന്ദി,’ എന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
വിമാനയാത്ര കൂടുതല്‍ ചെലവുകുറഞ്ഞതാക്കാന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഇത്തരം ഏകോപനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ ക്ഷേമമായിരിക്കണം നമ്മുടെ പൊതുവായ മുന്‍ഗണന എന്നും അദ്ദേഹം പറഞ്ഞു. വിമാന ഇന്ധനം ജിഎസ്ടി പരിധിക്ക് പുറത്തായതിനാല്‍, സ്വന്തം നിരക്കില്‍ വാറ്റ് നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്.സാധാരണയായി ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ 30 മുതല്‍ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്. എന്നാല്‍ ഇപ്പോഴത് 55 മുതല്‍ 60 ശതമാനം വരെയായി വര്‍ധിച്ചിരിക്കുന്നു. ഈ ഫെബ്രുവരിയില്‍ യുഎസ്-ഇറാന് സംഘര്‍ഷം ആരംഭിച്ചതുമുതല്‍ വിമാന ഇന്ധനവില തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാത്ത സാഹചര്യത്തില്‍, വിമാന ഇന്ധന വിലക്കയറ്റം, വ്യോമപാതകള്‍ അടച്ചിടല്‍ എന്നീ ഇരട്ട പ്രതിസന്ധികള്‍ കാരണം ആഗോളതലത്തില്‍ വിമാനക്കമ്പനികള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇന്ത്യന്‍ വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം, രൂപയുടെ മൂല്യത്തകര്‍ച്ചയും പാകിസ്ഥാന് വ്യോമപാത അടച്ചിട്ടതും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
പാകിസ്ഥാന് വ്യോമപാത അടച്ചിട്ടത് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രകളുടെ ദൈര്‍ഘ്യം കൂട്ടുകയും കൂടുതല്‍ ഇന്ധനം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. വിമാനങ്ങള്‍ വാടകയ്ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളും അറ്റകുറ്റപ്പണികളും ഡോളറിലാണ് കൈകാര്യം ചെയ്യുന്നത്. ഉത്സവ സീസണ് അടുത്തിരിക്കെ, വിമാന ഇന്ധന വില കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.ഈ സാഹചര്യത്തില്‍, ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. വിമാന ഇന്ധന നികുതി കുറയ്ക്കുന്നത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. നികുതിയിളവ് ഗണ്യമായി ലഭിക്കുന്ന റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനും ഇത് വഴിയൊരുക്കിയേക്കാം.ഈ പശ്ചാത്തലത്തില്‍, ജെറ്റ് ഇന്ധന നികുതി കുറയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്.
വ്യോമയാന യാത്രകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതിനും പ്രാദേശിക വിമാനത്താവളങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനുമുള്ള നിര്‍ണായക ചുവടുവെപ്പാണ് വാറ്റ് ഇളവ് എന്ന് തമിഴ്നാട് വ്യവസായ മന്ത്രി വിരുതൈ മകള്‍ കീര്‍ത്തന പറഞ്ഞു.’പ്രവര്‍ത്തനച്ചെലവ് കുറയുന്നത് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും, സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും, ചെന്നൈയ്ക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കും. കൂടുതല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും, സാമ്പത്തിക സാധ്യതകള്‍ തുറന്നുനല്‍കുകയും, തമിഴ്നാടിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുന്ന ഒരു വ്യോമയാന ആവാസവ്യവസ്ഥയാണ് ഞങ്ങള്‍ കെട്ടിപ്പടുക്കുന്നത്,’ എന്ന് കീര്‍ത്തന ട്വീറ്റ് ചെയ്തു.ചെന്നൈയ്ക്ക് പുറത്തുള്ള വിമാനത്താവളങ്ങളില്‍, പരമാവധി ടേക്ക്-ഓഫ് ഭാരം 40,000 കിലോയില്‍ താഴെയുള്ള ചെറിയ വിമാനങ്ങള്‍ക്കുള്ള ഇന്ധന നികുതി 5 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി കുറച്ചു. ഇത് 2027 ഒക്ടോബര്‍ 31 വരെ പ്രാബല്യത്തിലുണ്ടാകും.