Home Featured ഉഗാദി – റംസാൻ ആഘോഷം,:ബെംഗളൂരു മലയാളികളും ‘കുടുങ്ങും’; നിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസുകൾ

ഉഗാദി – റംസാൻ ആഘോഷം,:ബെംഗളൂരു മലയാളികളും ‘കുടുങ്ങും’; നിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസുകൾ

ബെംഗളൂരു: ഉഗാദി – റംസാൻ ആഘോഷങ്ങൾ എത്തുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി ബെംഗളൂരുവിലെ സ്വകാര്യ ബസുകൾ. അവധി ആഘോഷിക്കാൻ വീടുകളിലേക്കും മറ്റിടങ്ങളിലേക്കും പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി നൽകുന്നതാണ് ടിക്കറ്റ് നിരക്കുയർത്തിയ തീരുമാനം. ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്ത ആയിരക്കണക്കിനാളുകളാണ് നാട്ടിലെത്താൻ സ്വകാര്യ ബസിനെ ആശ്രയിക്കുന്നത്.ഉഗാദി, റംസാൻ ആഘോഷങ്ങൾ എത്തിയതോടെ ബെംഗളൂരുവിലെ ബസ് സ്റ്റേഷനുകളും റെയിൽവേ സ്റ്റേഷനുകളിലും തിരക്ക് തുടരുകയാണ്. ഇന്നും നാളെയും നിലവിൽ അനുഭവപ്പെടുന്നതിനേക്കാൾ തിരക്ക് വർധിക്കാനുള്ള സാധ്യതയാണുള്ളത്. നാളെയാണ് ഉഗാദി.

തിങ്കളാഴ്ച റംസാൻ കൂടി എത്തുന്നതോടെ വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ട്രെയിനുകളും സർക്കാർ ബസുകളിലും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിച്ചവരാണ് ഉയർന്ന ടിക്കറ്റ് നിരക്കിൽ കുടുങ്ങിയത്. ഇരട്ടി തുക നൽകി പലരും ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.ഷിവമോഗയിലേക്കുള്ള 600 രൂപയുടെ ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത് 1,200 രൂപയാണെന്ന് ബെംഗളൂരുവി ജോലി ചെയ്യുന്ന ഒരു ഐടി ജീവനക്കാരൻ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപ് 800 രൂപയായിരുന്ന മംഗളൂരുവിലേക്കുള്ള ബസ് ടിക്കറ്റ് നിരക്ക് ഇപ്പോൾ 1,400 രൂപയായതായി ഒരു വിദ്യാർഥിനി അറിയിച്ചതായി ഹിന്ദു റിപ്പോർട്ട് ചെയ്തു. അടുത്തമാസം വിഷു, ഈസ്റ്റർ ആഘോഷങ്ങൾ എത്താനിരിക്കെ കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയരാനുള്ള സാധ്യതയും കൂടുതലാണ്. ആയിരക്കണക്കിന് മലയാളികളാണ് ബെംഗളൂരുവിൽ നിന്നടക്കം നാട്ടിലെത്താൻ ബസ് – ട്രെയിൻ ടിക്കറ്റിനായി ശ്രമം നടത്തുന്നത്.

അപ്രതീക്ഷിതമായി നിരക്ക് വർധിപ്പിച്ചെന്ന ആരോപണം പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ തള്ളി. ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് നടരാജ് ശർമ്മ വ്യക്തമാക്കി. അതേസമയം, തിരക്ക് കണക്കിലെടുത്ത് മാർച്ച് 31 വരെ 2,000 അധിക ബസുകൾ ക്രമീകരിക്കുമെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ധർമ്മസ്ഥല, കുക്കേസുബ്രഹ്മണ്യ, ഷിവമോഗ, ഹാസൻ, മംഗലാപുരം, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബാലി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂർ, യദാർ, തിരുപ്പതി, ബല്ലരി, കലബുറഗി എന്നിവടങ്ങളിലേക്കാണ് അധിക സർവീസുകൾ പ്രഖ്യാപിച്ചത്.

വിജയവാഡ, ഹൈദരാബാദ്, മൈസൂരു, വിരാജ്പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മൈസൂരു റോഡ് ബസ് സ്റ്റേഷനിൽ നിന്ന് അധിക ബസുകൾ ക്രമീകരിച്ചു. ചെന്നൈ, കോയമ്പത്തൂർ, മധുര, കുംഭകോണം, തിരുച്ചി, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ഉൾക്കൊള്ളുന്ന തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള പ്രീമിയം ബസ് സർവീസുകൾ ശാന്തിനഗർ ടിടിഎംസിയിൽ നിന്ന് പുറപ്പെടും. കെഎസ്ആർടിസി വെബ്‌സൈറ്റ് (www.ksrtc.karnataka.gov.in) വഴി ഓൺലൈൻ ബുക്കിങ് നടത്താം.

You may also like

error: Content is protected !!
Join Our WhatsApp Group