ചെന്നൈ: സ്കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ രണ്ട് സ്കൂളുകളിലാണ് ഭീഷണി സന്ദേശമെത്തിയത്. കോയമ്ബത്തൂരിലെ പിഎസ്ബിബി മില്ലേനിയം സ്കൂളിലും കാഞ്ചീപുരത്തെ സ്വകാര്യ സ്കൂളിലുമാണ് വ്യാജ സന്ദേശമെത്തിയത്. കോയമ്ബത്തൂർ സ്കൂളില്‍ ഇമെയില്‍ മുഖേനയും മറ്റിടത്ത് ഫോണ്‍കോളിലൂടെയുമാണ് സന്ദേശമെത്തിയത്.
കോയമ്ബത്തൂർ സ്കൂളിലെ ഓഫീസ് സ്റ്റാഫ് ഇമെയില്‍ പരിശോധിക്കുന്നതിനിടെയാണ് വ്യാജ സന്ദേശം ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പോലീസിനെയും സ്കൂള്‍ അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി സ്കൂള്‍ മുഴുവൻ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി തോന്നുന്ന തരത്തില്‍ യാതൊന്നും കണ്ടെത്തിയില്ല. സ്കൂള്‍ പരിസരത്ത് പോലീസ് പരിശോധന നടത്തുകയും നാട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തു.
കാഞ്ചീപുരത്തെ സ്വകാര്യ സ്കൂളിലും പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. രണ്ട് സ്കൂളിലും വ്യാജ സന്ദേശമെത്തിയ സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എവിടെ നിന്നാണ് മെയിലും കോളും വന്നിരിക്കുന്നതെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.