ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതിനും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പുമായി, ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്.തെക്കന്‍ ബെംഗളൂരുവിലെ കലേന അഗ്രഹാര മുതല്‍ നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തെ കടുഗോഡി ട്രീ പാര്‍ക്ക് വരെ നീളുന്ന ദൈര്‍ഘ്യമേറിയ മെട്രോ ഇടനാഴിയാണ് ആസൂത്രണം ചെയ്യുന്നത് .73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയുടെ സാധ്യതാ പഠനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് BMRCL വൃത്തങ്ങള്‍ അറിയിച്ചു . ബെംഗളൂരു നഗരത്തിലെ ജനസാന്ദ്രതയേറിയ മേഖലകളില്‍ പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ നിര്‍ണായക പദ്ധതി ലക്ഷ്യമിടുന്നത് .അംഗീകാരം ലഭിച്ചാല്‍, ഈ ഇടനാഴി ബെംഗളൂരുവിലെ, അതിവേഗത്തില്‍ വികസിക്കുന്ന പ്രധാന പ്രാന്തപ്രദേശങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും നഗരത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള ചില പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തെ ആശ്രയിക്കേണ്ടി വരുന്നതിന് ബദല്‍ മാര്‍ഗം സൃഷ്ടിക്കുകയും ചെയ്യും.
സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറെന്ന് BMRCLഇന്‍ട്രോസോഫ്റ്റ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയത്. ഇത് സമര്‍പ്പിച്ചുകഴിഞ്ഞാല്‍, കര്‍ണാടക സര്‍ക്കാര്‍ അവലോകനം ചെയ്യുകയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.വിശദമായ സാങ്കേതിക പഠനങ്ങള്‍, റൂട്ട് പ്ലാനിങ് ചെലവ് കണക്കുകള്‍, ഭൂമി ആവശ്യകതാ വിലയിരുത്തലുകള്‍ എന്നിവ ഡിപിആര്‍ ഘട്ടത്തില്‍ ഉള്‍പ്പെടുമെന്ന് BMRCL ഉദ്യോഗസ്ഥര്‍ അറിയിച്ചു.ബെംഗളൂരുവിന്റെ തെക്കുകിഴക്കന്‍ ടെക് ബെല്‍റ്റിനെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഈ മെട്രോ ഇടനാഴി വിഭാവനം ചെയ്യുന്നത്. ബന്നാര്‍ഘട്ട, ജിഗാനി, അത്തിബെലെ, സര്‍ജാപൂര്‍, ദൊമ്മസാന്ദ്ര സര്‍ക്കിള്‍, വര്‍ത്തൂര്‍ കോടി എന്നിവയുള്‍പ്പടെ അതിവേഗം വികസിക്കുന്ന നിരവധി പ്രാന്തപ്രദേശങ്ങളിലൂടെയാണ് ഈ പാത ആലോചിച്ചിരിക്കുന്നത്.ബെംഗളൂരുവിന്റെ തെക്കന്‍, കിഴക്കന്‍ സാങ്കേതിക ഇടനാഴികളെ ഒറ്റ മെട്രോ ലൈന്‍ വഴി നേരിട്ട് ബന്ധിപ്പിക്കുമെന്നതിനാല്‍ ഈ പദ്ധതി ഏറെ പ്രാധാന്യമുള്ളതാണ്. മുഴുവന്‍ പാതയും ഒരു എലിവേറ്റഡ് ഇടനാഴിയായാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ 50-ലധികം മെട്രോ സ്റ്റേഷനുകള്‍ ഇതില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ പ്രദേശങ്ങളില്‍ പലതും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, നഗരത്തിനുള്ളില്‍ നിലവിലുള്ള മെട്രോ ഇടനാഴികളെ അപേക്ഷിച്ച് സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരം കൂടുതലായിരിക്കുമെന്ന് BMRCL ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധിപ്പിക്കുംആനേക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്താനുള്ള മെട്രോ കണക്റ്റിവിറ്റിയും ഇതുവഴി ആസൂത്രണം ചെയ്യപ്പെടുകയാണ്. അതായത് ആനേക്കല്‍ താലൂക്കില്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നേരിട്ട് മെട്രോ കണക്റ്റിവിറ്റി നല്‍കുന്ന 5 കിലോമീറ്റര്‍ സ്പര്‍ ലൈന്‍ ആണ് പദ്ധതിയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്.പദ്ധതി പ്രകാരം, ജിഗാനി മെട്രോ സ്റ്റേഷനുശേഷം സ്പര്‍ ലൈന്‍ ശാഖകളായി വിഭജിച്ച് നിര്‍ദിഷ്ട സ്റ്റേഡിയം സമുച്ചയത്തിലേക്ക് പോകും. ഈ പാതയില്‍ രണ്ട് അധിക സ്റ്റേഷനുകള്‍ കൂടി പ്രതീക്ഷിക്കുന്നുണ്ട്. നേരിട്ടുള്ള പ്രവേശനത്തിനായി ഒരു സ്റ്റേഷന്‍ സ്റ്റേഡിയത്തോട് ചേര്‍ന്നായിരിക്കും, മറ്റൊന്ന് ഇന്ദ്ലവാഡിയിലെ റെസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളെ ലക്ഷ്യമിട്ടുള്ളതുമാണ്.80,000 പേര്‍ക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്റ്റേഡിയം, 24 കായിക ഇനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, 30,000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട സ്പോര്‍ട്സ് കോംപ്ലക്സ്. വന്‍തോതിലുള്ള നിര്‍മ്മാണപ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്.
അംഗീകാരമായാല്‍ 2029 ഓടെ നിര്‍മ്മാണംസാധ്യതാ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം, ഡിപിആര്‍ കമ്മീഷന്‍ ചെയ്യുന്നത് സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ തീരുമാനമെടുക്കും. ഡിപിആര്‍ തയ്യാറാക്കാന്‍ തന്നെ ഒരു വര്‍ഷമെടുക്കുമെന്ന് BMRCL ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.വലിയ കാലതാമസങ്ങളില്ലാതെ സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് പദ്ധതിക്ക് അംഗീകാരങ്ങള്‍ ലഭിച്ചാല്‍, 2029 ഓടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ഇടനാഴിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, പദ്ധതി പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ എടുത്തേക്കാം.BMRCL ലക്ഷ്യമിടുന്നത് വന്‍ വികസനം73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട ഇടനാഴി BMRCLന്റെ 210.9 കിലോമീറ്റര്‍ മെട്രോ വികസന പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇതുവരെ ആസൂത്രണം ചെയ്തിരിക്കുന്ന എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍, ബെംഗളൂരുവിന്റെ മെട്രോ ശൃംഖല ഏകദേശം 468 കിലോമീറ്ററായി വികസിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.തുംകൂര്‍, ബിദഡി, ഹൊസക്കോട്ടെ തുടങ്ങിയ അയല്‍ നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിനുപകരം ബെംഗളൂരുവിന്റെ അതിവേഗം വളരുന്ന സബര്‍ബന്‍ പ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലാണ് നിലവില്‍ വിപുലീകരണം ഊന്നിനില്‍ക്കുന്നത്.