ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളില്‍ അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. നിരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത, ഡബിള്‍ ഡെക്കർ ഫ്ലൈഓവർ എന്നിവ പൂർത്തിയാക്കി നിരക്കിലെ തിരക്ക് കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്.നമ്മ മെട്രോ സർവീസ് നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തികള്‍ തുടരുകയാണ്. നമ്മ മെട്രോ പദ്ധതിക്ക് ബദലായി ബെംഗളൂരു സബർബൻ റെയില്‍ പദ്ധതി (ബിഎസ്ആർപി) നടപ്പാക്കാനുള്ള നടപടികള്‍ സർക്കാർ വേഗത്തിലാക്കി.ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിക്കായി കർണാടക റെയില്‍ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് എന്റർപ്രൈസ് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) 1,513.75 കോടി രൂപയുടെ വമ്പൻ കരാർ നല്കി.
പദ്ധതിയുടെ ഭാഗമായ കോറിഡോർ-2, കോറിഡോർ-4 എന്നിവയ്ക്ക് ആവശ്യമായ 153 എയർ കണ്ടീഷൻഡ് ‘ബ്രോഡ്-ഗേജ് മെട്രോ ടൈപ്പ് കോച്ചുകള്‍’ വാങ്ങുന്നതിനാണ് ഔദ്യോഗികമായി കരാറായത്.മെയ് ആറിന് നല്കിയ കരാർ പ്രകാരം അടുത്ത 18 മാസത്തിനുള്ളില്‍ ഐസിഎഫ് കോച്ചുകളുടെ വിതരണം ആരംഭിക്കണമെന്ന നിർദേശമുണ്ട്. കോറിഡോർ-2ല്‍ ഉള്‍പ്പെടുന്ന ചിക്കബനവാര – യശ്വന്ത്പൂർ പാതയിലേക്കാണ് ഈ കോച്ചുകള്‍ ആദ്യം എത്തിക്കുക. തീരുമാനിച്ച സമയത്ത് പാത തുറക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.സബർബൻ റെയില്‍ പദ്ധതിയുടെ കോറിഡോർ-2, കോറിഡോർ-4 എന്നിവയ്ക്കുള്ള ബ്രോഡ്-ഗേജ് മെട്രോ-സ്റ്റൈല്‍ കോച്ചുകളുടെ രൂപകല്‍പ്പന, നിർമാണം, വിതരണം എന്നിവ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോച്ചുകള്‍ പൂർണമായും എയർ കണ്ടീഷൻ ചെയ്തതും ദൈനംദിന യാത്രക്കാർക്ക് മെട്രോ പോലുള്ള യാത്രാ അനുഭവം നല്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തതുമായിരിക്കും.കോച്ചുകള്‍ നിർമിക്കുന്നതിനപ്പുറം നിരവധി ഉത്തരവാദിത്തങ്ങളും കരാറില്‍ ഉള്‍പ്പെടും. കോച്ച് ഡിസൈൻ, ഗുണനിലവാര പരിശോധനകള്‍, അസംബ്ലിങ്, പരിശോധന, കമ്മീഷൻ ചെയ്യല്‍ പ്രക്രിയകള്‍ എന്നിവയും ഐസിഎഫ് കൈകാര്യം ചെയ്യും.
കൂടാതെ, സബർബൻ റെയില്‍ ശൃംഖലയിലുടനീളമുള്ള സിസ്റ്റങ്ങളുടെ സുഗമമായ സംയോജനം ഉറപ്പാക്കുന്നതിന് സിഗ്നലിങ്, പവർ സപ്ലൈ, പ്ലാറ്റ്ഫോം സ്ക്രീൻ ഡോർ കോണ്‍ട്രാക്ടർമാരുമായി കമ്പനി ഏകോപിപ്പിക്കും.2025 ഡിസംബറില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നിശ്ചയിച്ച സമയപരിധിക്ക് അനുസൃതമാണിതെന്നും ഉടൻ തന്നെ ഒരു ഔദ്യോഗിക ധാരണാപത്രം (എംഒയു) ഒപ്പുവെക്കുമെന്നും ബൈ – റൈഡ് വ്യക്തമാക്കി.”ബെംഗളൂരു സബർബൻ റെയില്‍ പദ്ധതിയുടെ ചരിത്രപരമായ നാഴികക്കല്ലാണ് ഈ വർക്ക് ഓർഡർ. ഐസിഎഫുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, കോറിഡോറുകള്‍ 2 ഉം 4 ഉം വേണ്ടിയുള്ള ട്രാക്ക്, സിസ്റ്റംസ് ഇൻഫ്രാസ്ട്രക്ചർ ജോലികള്‍ പൂർത്തിയാകുമ്പോഴേക്കും ആവശ്യമായ ട്രെയിൻ കോച്ചുകള്‍ ലഭ്യമാകുമെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. സുസ്ഥിര നഗര ഗതാഗതം എന്ന ദർശനം നിറവേറ്റുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ബെംഗളൂരുവിലെ ജനങ്ങള്‍ക്ക് ലോകോത്തര സബർബൻ റെയില്‍ ശൃംഖല കാലതാമസമില്ലാതെ എത്തിക്കാൻ ഈ സമന്വയം സഹായിക്കും” – എന്നും ബൈ – റൈഡ് (കെ-റൈഡ്) മാനേജിങ് ഡയറക്ടർ ലക്ഷ്മണ് സിങ് പറഞ്ഞു.
ബെംഗളൂരുവിന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ സബർബൻ റെയില്‍ പദ്ധതി പ്രധാന പങ്ക് വഹിക്കാനാകും. നഗരത്തിലും ചുറ്റുമുള്ള സബർബൻ പ്രദേശങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ റോഡ് ഗതാഗതവും യാത്രാ സമയവും ഗണ്യമായി കുറയ്ക്കാനാകും. മെട്രോ ശൈലിയിലുള്ള ബ്രോഡ് – ഗേജ് കോച്ചുകള്‍ അവതരിപ്പിക്കുന്നത് യാത്രക്കാർക്ക് മെട്രോ റെയില്‍ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാൻ സഹായിക്കും. ബെംഗളൂരുവിന്റെ ഭാവിയിലെ പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിലും നഗരത്തിന്റെ ദ്രുതഗതിയിലുള്ള നഗര വികാസത്തെ പിന്തുണയ്ക്കുന്നതിലും സബർബൻ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.