Home കർണാടക ബെംഗളൂരു രണ്ടാം വിമാനത്താവളം വരുന്നത് ഇവിടെ? അന്തിമ പട്ടികയില്‍ രണ്ട് സ്ഥലങ്ങള്‍, വിശദീകരിച്ച്‌ ഡികെ ശിവകുമാര്‍

ബെംഗളൂരു രണ്ടാം വിമാനത്താവളം വരുന്നത് ഇവിടെ? അന്തിമ പട്ടികയില്‍ രണ്ട് സ്ഥലങ്ങള്‍, വിശദീകരിച്ച്‌ ഡികെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരുവിന്‍റെ ദീർഘകാല സ്വപ്നമായ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിന് തെക്ക് ഭാഗമായ കനകപുരയ്ക്ക് ലഭിച്ചേക്കും.കനകപുര റോഡിന് സമീപമായിരിക്കും വിമാനത്താവളം വന്നേക്കുകയെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ന്യൂസ് 18 ഫ്യൂച്ചർ ഓഫ് വർക്ക് സമ്മിറ്റില്‍ പറഞ്ഞു. കനകപുര റോഡിലെ ചൂഡഹള്ളി, സോമനഹള്ളി എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ മുന്നിലുള്ളത്.നെലമംഗല-കുനിഗല്‍ റോഡിനടുത്തുള്ള പ സ്ഥലവും പരിഗണിക്കുന്നുണ്ട്. എന്നാല്‍ മികച്ച ഗതാഗത സൗകര്യവും ഭാവി വികസന സാധ്യതകളും തെക്കൻ മേഖലയ്ക്ക് മുൻഗണന നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐടി തലസ്ഥാനമെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങളെ മറികടന്നുകൊണ്ട് ബെംഗളൂരു വളരുകയാണ്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ കാര്യമെടുത്താല്‍ യാത്രക്കാരുടെ എണ്ണം കൂടുകയാണ്. അതേസമയം ഇത്രയും യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി എയർപോട്ടിനില്ല. നഗരത്തിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് എയർപോർട്ട് പരിമിതമായ വാണിജ്യ പ്രവർത്തനങ്ങള്‍ മാത്രമാണ് നടത്തുന്നത്. ബെംഗളൂരുവിനെപ്പോലുള്ള വളരുന്ന ഒരു നഗരത്തിന് ഒറ്റ വിമാനത്താവളത്തെ മാത്രം ആശ്രയിച്ച്‌ പ്രവർത്തിക്കുക എളുപ്പമല്ല.അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാൻ മെയ്ൻഹാർട്ട്-കെപിഎംജി കണ്‍സോർഷ്യത്തെയാണ് കർണാടക സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചുരുക്കപ്പട്ടികയിലുള്ള മൂന്ന് സ്ഥലങ്ങളിലും വിശദമായ സാധ്യതാ പഠനം നടക്കും. 4.96 കോടി രൂപ ചെലവില്‍ ഇത് അഞ്ച് മാസത്തിനുള്ളില്‍ പൂർത്തിയാക്കും.

സ്ഥലലഭ്യത മാത്രമായിരിക്കില്ല കണ്‍സോർഷ്യം പഠനവിധേയമാക്കുക. ഭൂപ്രകൃതി, മണ്ണ്, ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള സാങ്കേതിക ഘടകങ്ങള്‍ ഇതില്‍പ്പെടും. വ്യോമയാന നിയന്ത്രണം, നിലവിലുള്ള വിമാനത്താവളങ്ങളുമായുള്ള സമീപ്യം എന്നിവയും പരിശോധിക്കും. പാരിസ്ഥിതികവും നിയന്ത്രണപരവുമായ പരിഗണനകളും ഇതില്‍പ്പെടും. 35 വർഷത്തേക്കുള്ള യാത്രാ, ചരക്ക് നീക്ക പ്രവചനങ്ങളും പഠനത്തിന്‍റെ ഭാഗമാണ്. പ്രവർത്തനക്ഷമത, എത്രമാത്രം വികസിപ്പിക്കാൻ സാധിക്കും, സാമ്പത്തിക ലാഭം എന്നിവയെല്ലാം വിലയിരുത്തിയാകും അന്തിമ ശുപാർശ.ചുരുക്കപ്പട്ടികയിലെ ഓരോ സ്ഥലത്തും 4,500 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. പുതിയൊരു ഗ്രീൻഫീല്‍ഡ് വിമാനത്താവളത്തിന് ഇത് മതിയാകും. കനകപുര റോഡിലെ സൈറ്റുകള്‍ക്ക് നഗരത്തിന്‍റെ തെക്കൻ വളർച്ചാ ഇടനാഴിയുമായും പുതിയ താമസ-വ്യാവസായിക മേഖലകളുമായും അടുത്ത ബന്ധമുണ്ട്. നെലമംഗല സൈറ്റ് തുമകുരു റോഡിലേക്കും വ്യാവസായിക മേഖലകളിലേക്കും പ്രവേശനം നല്‍കുന്നുണ്ടെങ്കിലും, നഗരവികസനത്തില്‍ തെക്കൻ സൈറ്റുകളുമായി മത്സരം നേരിടുന്ന പ്രദേശമാണ്.

പുതിയ വിമാനത്താവളം ബെംഗളൂരുവിന്‍റെ ഹൈവേകളും റെയില്‍ ലിങ്കുകളും ഉള്‍പ്പെടുന്ന ഗതാഗത ശൃംഖലയുമായി എങ്ങനെ യോജിപ്പിക്കാൻ കഴിയുമെന്നും സർക്കാർ പരിഗണിക്കുന്നുണ്ട്.രണ്ടാമത്തെ വിമാനത്താവള പദ്ധതിക്ക് കർണാടക സർക്കാർ വേഗം കൂട്ടാനുള്ള മറ്റൊരു കാരണം പ്രാദേശിക മത്സരമാണ്. കർണാടക അതിർത്തിക്ക് സമീപം ഹോസൂരില്‍ തമിഴ്നാട് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു വൈകിയാല്‍ ഇത് യാത്രക്കാരെയും നിക്ഷേപങ്ങളേയും അവിടേക്ക് വഴിതിരിച്ചുവിടും. അത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായിരിക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് സർക്കാരിൻ്റെ ചടുല നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group