ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സുരക്ഷ ശക്തമാക്കുന്നതിനായി എഐ എമർജൻസി ഹെല്‍പ് ലൈൻ അവതരിപ്പിച്ച് ബെംഗളൂരു പോലീസ്.’Namma 112′ എന്ന ഹെല്‍പ് ലൈൻ നമ്പർ ആണ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്. എഐയില്‍ പ്രവർത്തിക്കുന്ന ഒരു ബഹുഭാഷ സംവിധാനമാണിത്. എഐ സംവിധാനത്തില്‍ എമർജൻസി ഹെല്‍പ് ലൈൻ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ പോലീസ് സേനയായി കർണാടക പോലീസ്.അടിയന്തര സഹായം ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് അവരുടെ ഭാഷയില്‍ ആശയവിനിമയം നടത്താൻ സാധിക്കുന്ന നൂതന പരിഹാരമായ മള്‍ട്ടിലിംഗ്വല്‍ വോയ്‌സ് എഐ ഫോർ നേഷൻവൈഡ് കീ ഇന്റർവെൻഷൻസ് (വാൻകി) സംവിധാനമാണ് സിറ്റി പോലീസ് അവതരിപ്പിച്ചത്.ഇന്ത്യൻ ഭാഷകള്‍ക്കൊപ്പം വിദേശ ഭാഷകളും Namma 112 കൈകാര്യം ചെയ്യും. ബംഗാളി, മലയാളം, ഗുജറാത്തി, ഒഡിയ, മണിപ്പൂരി, അസാമീസ്, കശ്മീരി, നേപ്പാളി, ഫ്രഞ്ച്, സ്പാനിഷ്, അറബിക് എന്നിവയുള്‍പ്പെടെ പത്തിലധികം ഭാഷകള്‍ ഈ സംവിധാനം കൈകാര്യം ചെയ്യും.
ഇതോടെ ഭാഷാ തടസ്സമില്ലാതെ അടിയന്തര ആവശ്യങ്ങള്‍ പോലീസിനെ അറിയിക്കാനാകും. ബെംഗളൂരു പോലീസിലെ ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകള്‍ സുപരിചിതമാണ്.മണ്ടേ വെഞ്ചേഴ്‌സുമായും Aeos-മായും സഹകരിച്ച് വികസിപ്പിച്ചെടുത്ത എഐ സംവിധാനം ഒന്നിലധികം ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിന് സഹായിക്കും. ഇതിനായി ബഹുഭാഷാ വോയ്‌സ് AI ഫോർ നേഷൻവൈഡ് കീ ഇന്റർവെൻഷൻസ് (VANKI) ആണ് ഉപയോഗിക്കുന്നത്.”ഞങ്ങളുടേത് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ ഒരു നഗരമാണെന്നും ലോകമെമ്പാടുമുള്ള ആളുകള്‍ ബെംഗളൂരു നഗരം സന്ദർശിക്കാൻ എത്താറുണ്ടെന്നും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. എന്നാല്‍ പോലീസില്‍ നിന്ന് പ്രത്യേകിച്ച് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സഹായം തേടുന്നവർക്ക് ഭാഷ ഒരു പ്രശ്നമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്തിലധികം ഭാഷകളില്‍ സംവദിക്കുന്ന രാജ്യത്തെ ആദ്യത്തെ പോലീസ് സേനയായി. കൂടുതല്‍ ഭാഷകള്‍ ഉടൻ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ബെംഗളൂരുവിലെ ഉദ്യോഗസ്ഥർക്ക് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവ സംസാരിക്കാനും മനസ്സിലാക്കാനും കഴിയുമെന്ന് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. “
അടിയന്തരാവസ്ഥയില്‍ ആളുകള്‍ ഞങ്ങളെ വിളിക്കുകയും ഞങ്ങള്‍ക്ക് പരിചിതമല്ലാത്ത ഇന്ത്യൻ അല്ലെങ്കില്‍ വിദേശ ഭാഷ സംസാരിക്കുകയും ചെയ്യുമ്പോഴാണ് വെല്ലുവിളി. അതിനാല്‍ ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുമ്പോള്‍ ആളുകള്‍ സാധാരണയായി സംസാരിക്കുന്ന ഭാഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കാൻ തുടങ്ങി.” – എന്ന് കമ്മീഷണർ പറഞ്ഞു.ഈ വർഷം ജനുവരിയില്‍ ഡാറ്റാ ശേഖരണം ആരംഭിച്ചതായി പോലീസ് ജോയിന്റ് കമ്മീഷണർ (അഡ്മിൻ) കുല്‍ദീപ് കുമാർ ജെയിൻ പറഞ്ഞു. “പോലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രതിദിനം ഏകദേശം 8,000 ഫോണ്‍ കോളുകള്‍ ലഭിക്കുന്നു. ഇതില്‍ ഏകദേശം 2,000 എണ്ണം നടപടി ആവശ്യപ്പെട്ടുള്ള കോളുകളാണ്. ഈ 2,000 കോളുകളില്‍ 100 മുതല്‍ 200 പേർ വരെ മറ്റ് ഭാഷകളിലാകും സംസാരിക്കുക. മലയാളത്തിലുള്ള കോളുകളാണ് കൂടുതല്‍. സ്പാനിഷ്, ഫ്രഞ്ച്, നേപ്പാള്‍, അറബിക് വിദേശ ഭാഷകളിലാണ് മറ്റ് കോളുകള്‍ എത്തുന്നതെന്ന് പോലീസ് ജോയിന്റ് കമ്മീഷണർ വ്യക്തമാക്കി.