ബംഗളൂരു: ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് തമിഴ്നാട്ടിലെ ധനുഷ്കോടിയിലേക്ക് പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശികളായ ദമ്പതികള്‍.ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് രാമസേതു പാതയിലൂടെ ഏകദേശം 32 കിലോമീറ്റർ നീന്തി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇത്തരത്തില്‍ ഒന്നിച്ചു നീന്തി ഈ ദൂരം പിന്നിടുന്ന ആദ്യ ദമ്പതികളാണ് ഇവർ.മെയ് 7-ന് പുലർച്ചെ 4:30-ന് ശ്രീലങ്കയില്‍ നിന്ന് യാത്ര തുടങ്ങിയ ഇവർ വൈകുന്നേരം 3:15-ഓടെ ധനുഷ്കോടിയിലെത്തി. ആകെ 10 മണിക്കൂറും 45 മിനിറ്റുമെടുത്തു ഈ ദൗത്യം പൂർത്തിയാക്കാൻ. ശക്തമായ തിരമാലകള്‍, മാറുന്ന കാറ്റ്, സമുദ്രത്തിലെ അടിയൊഴുക്കുകള്‍ എന്നിവ ഇവരുടെ യാത്രയെ പലപ്പോഴും തടസ്സപ്പെടുത്തി. പലതവണ ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിമാറിപ്പോകാൻ ഇത് കാരണമായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും പാരാമെഡിക്കല്‍ സംഘത്തിന്റെയും സുരക്ഷാ ബോട്ടിന്റെയും അകമ്പടിയോടെയാണ് ദൗത്യം പൂർത്തിയാക്കിയത്.വെറും നാല് വർഷം മുമ്പ് മാത്രം നീന്തല്‍ ഗൗരവമായി എടുത്തു തുടങ്ങിയ ഈ സോഫ്റ്റ്വെയർ എഞ്ചിനീയർമാരുടെ നേട്ടത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണ് ലഭിക്കുന്നത്. പാക് കടലിടുക്ക് നീന്തിക്കടക്കുന്ന ആദ്യ ദമ്പതികള്‍ എന്ന നിലയില്‍ ഇന്ത്യൻ ഓപ്പണ്‍ വാട്ടർ സ്വിമ്മിംഗില്‍ പുതിയൊരു നാഴികക്കല്ലാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്.