കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച അതിവേഗ റെയില്‍പാതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബെംഗളൂരുവിനെ ബന്ധിപ്പിച്ചുള്ള മൂന്ന് പാതകളുടെ വഴിയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.ബെംഗളൂരുവില്‍ 16 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കപാതയായിരിക്കും. ഇന്ത്യന്‍ റെയില്‍വെ പുറത്തുവിട്ട പാതയുടെ അലൈന്‍മെന്റ് വിവരങ്ങള്‍ അറിയാം.ബെംഗളൂരു-ചെന്നൈ പാതയില്‍ 306 കിലോമീറ്ററാണ് വരുന്നത്. ബയപ്പനഹള്ളിയില്‍ നിന്നാണ് പാതയുടെ തുടക്കം. വൈറ്റ്ഫീല്‍ഡ്, കൊടിഹള്ളി, കോലാര്‍ വഴിയാണ് കര്‍ണാടകയില്‍ പാത കടന്നുപോകുന്നത്. ആന്ധ്ര പ്രദേശിലെ ചിറ്റൂരിലൂടെയും പാത കടന്നുപോകും. തമിഴ്‌നാട്ടില്‍ പരന്തൂര്‍, പൂനമല്ലി എന്നീ പ്രദേശങ്ങളും പാതയില്‍ വരും. ചെന്നൈ സെന്‍ട്രലിലാണ് പാത അവസാനിക്കുന്നത്.
കാഞ്ചീപുരം ജില്ലയിലാണ് പരന്തൂര്‍ റെയില്‍വെ സ്റ്റേഷന്‍. ആദ്യ അലൈന്‍മെന്റില്‍ ഈ ഭാഗം ഇല്ലായിരുന്നു. ചെന്നൈയില്‍ രണ്ടാമത്തെ വിമാനത്താവളം തമിഴ്‌നാട് ആലോചിക്കുന്നത് പരന്തൂരിലാണ്. പുതിയ വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതില്‍ മാറ്റം വരാനുള്ള സാധ്യത തള്ളാനാകില്ല. കര്‍ണാടകയില്‍ 100 കിലോമീറ്ററാണ് പാത. 1358 ഹെക്ടര്‍ ഭൂമി ഇതിനായി വേണ്ടി വരും.തുരങ്കവും ഉയരപ്പാതയുംബെംഗളൂരുവില്‍ 16 കിലോമീറ്റര്‍ തുരങ്കത്തിലൂടെയാണ് പാത കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളില്‍ ഉയരപ്പാതയും ഉള്‍പ്പെടും. അതേസമയം, ബെംഗളൂരു-ഹൈദരാബാദ് പാതയില്‍ 607 കിലോമീറ്ററാണ് വരുന്നത്. കൊടിഹള്ളി, ദേവനഹള്ളി, അലിപൂര്‍ എന്നീ പ്രദേശങ്ങളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരു വിമാനത്താവളത്തിന് അടുത്ത് വരുന്നത് ദേവനഹള്ളി സ്റ്റേഷന്‍ ആയിരിക്കും. 101 കിലോമീറ്ററാണ് കര്‍ണാടകയിലുള്ളത്. 237 ഹെക്ടര്‍ ഭൂമി ആവശ്യമായി വരും.ഹിന്ദുപൂര്‍, ദുഡെബന്‍ഡ, അനന്ത്പൂര്‍, ഗൂട്ടി, ദോനെ, കര്‍ണൂല്‍, മണ്ണനൂര്‍, ഭാരത് സിറ്റി, ഹൈദരാബാദ് എയര്‍പോര്‍ട്ട് എന്നീ സ്‌റ്റേഷനുകള്‍ കടന്നിട്ടാകും ഹൈദരാബാദില്‍ പാത അവസാനിക്കുക.
മേല്‍പ്പറഞ്ഞ രണ്ട് പാതകള്‍ക്കും ബെംഗളൂരുവിലെ പ്രധാന കേന്ദ്രമായ മജിസ്റ്റ്ക് തൊടുന്നില്ല എന്ന കാര്യം റെയില്‍വെ യാത്രക്കാരുടെ കൂട്ടായ്മകള്‍ എടുത്തു പറയുന്നു.മൂന്നാമത്തെ അതിവേഗ റെയില്‍പാത വരുന്നത് ബെംഗളൂരു-മൈസൂരു റൂട്ടിലാണ്. 157 കിലോമീറ്ററുള്ള ഈ പാത ബജറ്റില്‍ അവതരിപ്പിച്ചിരുന്നില്ല. മാണ്ഡ്യ, രാമനഗര, കെംഗേരി, ഇലക്‌ട്രോണിക് സിറ്റി എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്. ആദ്യ അലൈന്‍മെന്റില്‍ രാമനഗര ഉണ്ടായിരുന്നില്ല. എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും സര്‍വെ നടന്നുവരികയാണെന്നും ദേശീയ അതിവേഗ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.മൈസൂരു-ബെംഗളൂരു പാതയുടെ കാര്യത്തില്‍ റെയില്‍വെ മന്ത്രി അനുകൂലമായിട്ടാണ് പ്രതികരിച്ചത് എന്ന് മൈസൂരു എംപി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൈദ്യര്‍ പറഞ്ഞു. പഠനത്തിന് നിയോഗിച്ച ജര്‍മന്‍ കമ്പനിയും ഈ പാതയ്ക്ക് വേണ്ടിയുള്ള നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ബെംഗളൂരു-ചെന്നൈ അതിവേഗ പാത യാഥാര്‍ഥ്യമായാല്‍ ഒരു മണിക്കൂര്‍ 13 മിനുട്ട് കൊണ്ട് ലക്ഷ്യത്തിലെത്താം. ബെംഗളൂരു-ഹൈദരാബാദ് റൂട്ടില്‍ രണ്ട് മണിക്കൂര്‍ മതിയാകുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു.