Home കർണാടക പാക് സൈന്യത്തെ ആക്രമിക്കാൻ ഗൂഢാലോചന: പശ്ചിമബംഗാള്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍; പാക് താലിബാനുമായി

പാക് സൈന്യത്തെ ആക്രമിക്കാൻ ഗൂഢാലോചന: പശ്ചിമബംഗാള്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍; പാക് താലിബാനുമായി

by ടാർസ്യുസ്

ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തെ ആക്രമിക്കാൻ പദ്ധതിയിട്ട പാക് താലിബാൻ ബന്ധമുള്ള പശ്ചിമബംഗാള്‍ സ്വദേശിയായ 25-കാരനെ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്തു.ആസഫുള്‍ മാലിക് ബിൻ ആബിദ് മാലിക് എന്നയാളാണ് പിടിയിലായത്. ബെംഗളൂരുവിലെ ജിഗണി പ്രദേശത്ത് താമസിച്ച്‌ ബോമ്മസന്ദ്ര ഇൻഡസ്ട്രിയല്‍ ഏരിയയില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 11-നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പാകിസ്ഥാനിലെ മസ്ജിദുകള്‍ക്കും ജനങ്ങള്‍ക്കും നേരെ പാക് സൈന്യം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച്‌ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത നിലപാടുകള്‍ പ്രകടിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇസ്രായേല്‍-പലസ്തീൻ വിഷയത്തില്‍ പാക് സൈന്യം പലസ്തീനികളെ പിന്തുണയ്ക്കാതെ ഇസ്രായേലിനെ സഹായിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെഹ്രീകെ താലിബാൻ പാകിസ്ഥാൻ അംഗമായ ഇമ്രാൻ അഹിന്ദാറുമായി ബന്ധം സ്ഥാപിച്ചത്. പാക് സൈന്യത്തിന് തിരിച്ചടി നല്‍കാൻ ഇദ്ദേഹം ഇമ്രാന്റെ സഹായം തേടുകയായിരുന്നു.

ഇതിനായി അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ പാസ്‌പോർട്ട് സംഘടിപ്പിക്കുകയും വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിലും യാത്ര ചെയ്യാൻ സാധിച്ചില്ല.ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പാക് സൈന്യത്തിനെതിരായ ആക്രമണ പദ്ധതികളെക്കുറിച്ചുള്ള സന്ദേശങ്ങളും ശബ്ദരേഖകളും പോലീസ് കണ്ടെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ ഭീകരപ്രവർത്തന ഗൂഢാലോചനയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ഹെബ്ബഗോഡി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ കൂടുതല്‍ ഭീകരബന്ധങ്ങളെക്കുറിച്ച്‌ പോലീസ് അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group