ന്യൂഡല്‍ഹി: നീണ്ട 17 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ അന്തിമവാദവും പൂർത്തിയായി വിധി പറയാൻ ഇരിക്കെ, ബാംഗ്ലൂർ സ്ഫോടന കേസിന്റെ വിചാരണ കോടതി മാറ്റിയതിനെതിരെ സുപ്രിംകോടതിയില്‍ ഹരജി.ബാംഗ്ലൂർ സിറ്റി സിവില്‍ കോർട്ട് രജിസ്ട്രാറുടെ വിവാദ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിചാരണ തടവുകാർ സുപ്രിംകോടതിയെ സമീപിച്ചതായി സക്കരിയയുടെ അഭിഭാഷകൻ അഡ്വ. റഹ്‌മാൻ ഇരിക്കൂർ. സീനിയർ അഭിഭാഷകൻ അഡ്വ. അലക്സ് ജോസഫ് മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. നാല് മാസത്തിനകം വിധി പറയണമെന്നും അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നുമുള്ള സുപ്രിംകോടതിയുടെ മുൻ ഉത്തരവിനെ ബോധപൂർവ്വം അട്ടിമറിക്കാനുള്ള ശ്രമമാണ് പുതിയ കോടതി മാറ്റത്തിന് പിന്നിലെന്ന് ഹരജിയില്‍ വ്യക്തമാക്കുന്നു.കേസിന്റെ ആദ്യഘട്ടം മുതല്‍ വിചാരണ നീട്ടിക്കൊണ്ടുപോയി, വിചാരണയെത്തന്നെ ഒരു ശിക്ഷയാക്കി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അഡ്വ. റഹ്‌മാൻ ഇരിക്കൂർ പറഞ്ഞു.
2010ല്‍ സെഷൻസ് കോടതിയില്‍ കമ്മിറ്റഡ് ആയ ഈ കേസില്‍ വിചാരണ ആരംഭിക്കാൻ തന്നെ രണ്ടു വർഷമെടുത്തു. തുടർന്ന് 2013ല്‍ അന്നത്തെ ജഡ്ജി ട്രാൻസ്ഫറായി. 2014ല്‍ തടവുകാർ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍, കേസ് അവസാനഘട്ടത്തിലാണെന്നും നാലു മാസത്തിനകം തീർപ്പാക്കുമെന്നും കർണാടക അഡ്വക്കേറ്റ് ജനറല്‍ ഉറപ്പുനല്‍കിയതിനെ തുടർന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.എന്നിരുന്നാലും, തുടർന്നുവന്ന പ്രത്യേക കോടതി ജഡ്ജി ബസവരാജ കേസ് വേഗത്തില്‍ തീർക്കാൻ ശ്രമിച്ചപ്പോള്‍ പ്രോസിക്യൂഷൻ അതിനെ പ്രതിരോധിക്കുകയാണുണ്ടായത്. സാക്ഷികളെ വേഗത്തില്‍ ഹാജരാക്കാൻ കോടതി കർശന നിർദേശം നല്‍കിയതോടെ, കേസ് പെട്ടെന്ന് തീരുമെന്ന് മനസിലാക്കിയ പ്രോസിക്യൂഷൻ 2014 ഡിസംബറില്‍ കേസ് എൻഐഎ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു.
നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്ന എൻഐഎ കോടതിയിലേക്ക് മാറ്റിയതോടെ വിചാരണ വീണ്ടും ഇഴഞ്ഞുനീങ്ങി. മാത്രമല്ല, വിസ്താരം കഴിഞ്ഞ സാക്ഷികളെപ്പോലും പ്രോസിക്യൂഷൻ വീണ്ടും വിളിച്ചുവരുത്തി കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി.പിന്നീട് 2015ല്‍ പ്രതികള്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചതിനെ തുടർന്ന്, ഈ കേസ് മാത്രം വിചാരണ നടത്തുന്നതിനായി ‘CCH 49’ കോടതി രൂപീകരിച്ചു. അവിടെ അനുദിന വിചാരണ പൂർത്തിയായി അന്തിമവാദം തുടങ്ങാനിരിക്കെയാണ്, യുഎപിഎ കേസുകളെല്ലാം ഒരൊറ്റ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ പുതിയ ഹരജി വരുന്നത്. പ്രതികളുടെ എതിർപ്പുകള്‍ മറികടന്ന് കേസ് വീണ്ടും ‘CCH 50’ കോടതിയിലേക്ക് മാറ്റി. ഈ കോടതിയില്‍ വെച്ച് ഒരുതവണ പ്രോസിക്യൂഷൻ വാദം പൂർത്തിയായപ്പോള്‍ ജഡ്ജി മാറിപ്പോയി.
പിന്നീട് വന്ന ജഡ്ജിയുടെ മുന്നില്‍ പ്രോസിക്യൂഷൻ വാദവും പകുതിയോളം ഡിഫൻസ് വാദവും തീർന്നപ്പോഴും ജഡ്ജിക്ക് സ്ഥലംമാറ്റമുണ്ടായി.ഒടുവില്‍ നിലവിലുണ്ടായിരുന്ന കോടതിയില്‍ 2025 ജൂലൈ 16 മുതല്‍ 2026 ഫെബ്രുവരി രണ്ടാം വാരം വരെ നീണ്ടുനിന്ന ദീർഘമായ അന്തിമവാദമാണ് പൂർത്തിയായത്. പ്രതികള്‍ വിധിപ്രസ്താവനത്തിനായി കാത്തിരിക്കുന്ന ഈ നിർണായക ഘട്ടത്തിലാണ് ഭരണകൂടത്തിന്റെ ബോധപൂർവ്വമായ ഇടപെടലിലൂടെ കേസ് വീണ്ടും പുതിയൊരു കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്.ഭരണകൂടം നടത്തുന്ന ഈ കടുത്ത അനീതിക്കെതിരെയും മറവിക്ക് വിട്ടുകൊടുക്കാതെയുള്ള നിയമപോരാട്ടങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അഡ്വ. റഹ്‌മാൻ ഇരിക്കൂർ വ്യക്തമാക്കി.