ബെംഗളൂരു: കർണാടകയിലെ ഹുബ്ലിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.പീഡനത്തെ തുടർന്ന് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ മറ്റൊരു കുടുംബത്തിന് വിറ്റതായും, നിലവില്‍ പെണ്‍കുട്ടി വീണ്ടും ഗർഭിണിയാണെന്നും പോലീസ് വെളിപ്പെടുത്തുന്നു.പീഡനം നടത്തിയ യുവാവ്, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, രണ്ട് സ്വകാര്യ ഡോക്ടർമാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ധാർവാഡ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പ്രസവശേഷം മാതാപിതാക്കള്‍ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് വിറ്റതായാണ് ആരോപണം. നിലവില്‍ പെണ്‍കുട്ടി വീണ്ടും ഗർഭിണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.2025-ല്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് യുവാവ് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് പെണ്‍കുട്ടി ഗർഭിണിയാകാൻ ഇടയാക്കുകയുമായിരുന്നു. എന്നാല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കള്‍ ഈ വിവരം അധികാരികളില്‍ നിന്ന് മറച്ചുവെച്ചു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ കാർവാറിലുള്ള ഒരു ബന്ധുവിന്റെ കൂടെ നിർത്തി ചികിത്സിക്കുകയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇക്കാര്യം പൊലീസ് പരിശോധിക്കും. പല കാര്യങ്ങളിലും വ്യക്തത വരാനുള്ളതിനാല്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഹുബ്ലി പോലീസ് കമ്മീഷണർ എൻ. ശശി കുമാർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനും വിവരം പോലീസിനെയോ ചൈല്‍ഡ് ലൈനെയോ അറിയിക്കാത്തതിനുമാണ് രണ്ട് സ്വകാര്യ ഡോക്ടർമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.”പെണ്‍കുട്ടി മൈനറാണെന്ന് അറിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കാത്തതിനാണ് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്. അധികൃതരെ അറിയിക്കാതെ ചികിത്സ നല്‍കിയതിനാണ് ഡോക്ടർമാർക്കെതിരെ കേസ്. കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയതായി പെണ്‍കുട്ടിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ വിറ്റതാണെന്ന സംശയമുണ്ട്, ഇത് പോലീസ് അന്വേഷണത്തില്‍ പുറത്തുവരും,” ധാർവാഡ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ പ്രകാശ് കോഡ്‌ലിവഡ വ്യക്തമാക്കി.ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.