ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്.തായിക്കാട്ടുകര എല്‍പി സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസില്‍ തന്നെ പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിച്ചത്.കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക.
പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.എഫ്ഐആര്‍ പകര്‍പ്പും വിശദാംശങ്ങളും 24ന് ലഭിച്ചു.വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസഫാക്ക് രണ്ട് ദിവസം മുൻപാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.
മണിക്കൂറുകള്‍ക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്കുന്ന പരിരക്ഷ ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി വി ശിവൻകുട്ടി മുന്നറിയിപ്പ് നല്കി. ആലുവയില്‍ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ സാധിക്കാത്തത്. കേരളം കരയുന്നു.
ഭാവിയില്‍ ഇനി ഇത് മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.കര്‍ശന നിലപാടിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.തൊഴിലാളികളെ കൊണ്ട് വരുന്ന കരാറുകാര്‍ ലേബര്‍ ഓഫിസില്‍ നിന്ന് ലൈസൻസ് എടുത്തിരിക്കണം. പുതുതായി ആരംഭിക്കുന്ന ആപ്പില്‍ അതിഥി തൊഴിലാളിയുടെ മുഴുവൻ വ്യക്തി വിവരങ്ങളും രേഖപ്പെടുത്തും. ക്യാമ്ബുകളില്‍ ലേബര്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും ഐഡി കാര്‍ഡുകള്‍ പരിശോധിക്കും. പൊലീസിൻ്റെ കൂടി സഹായം തേടും. നിയമനിര്‍മാണം കൊണ്ടു വരും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തില്‍ എത്തുന്നത് തടയുന്ന തരത്തില്‍ നിയമനിര്‍മാണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.