ചെന്നൈ: ലിയോ സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ചിത്രത്തില്‍ തൃഷയുമായി ‘കിടപ്പുമുറി സീന്‍’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമര്‍ശം.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മന്‍സൂര്‍ അലി ഖാനെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തൃഷ. ”മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയില്‍പെട്ടു. ശക്തമായി അപലപിക്കുന്നു” എന്ന് തൃഷ പറഞ്ഞു.
”മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഇനിയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു”- എന്ന് തൃഷ പറഞ്ഞു.എക്‌സിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോയും തൃഷ എക്‌സില്‍ പങ്കുവച്ചു. സംഭവത്തില്‍ മന്‍സൂര്‍ അലിഖാനെ വിമര്‍ശിച്ചും തൃഷയെ പിന്തുണച്ചുകൊണ്ടും ലിയോ സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജും രംഗത്തെത്തി.