Home കർണാടക കടുത്ത പ്രതിസന്ധി: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍; സംസ്ഥാനത്തെ വരള്‍ച്ച സാഹചര്യം ചര്‍ച്ചയാകും

കടുത്ത പ്രതിസന്ധി: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍; സംസ്ഥാനത്തെ വരള്‍ച്ച സാഹചര്യം ചര്‍ച്ചയാകും

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയില്‍ വരള്‍ച്ചാ സാഹചര്യം കടുത്തതിനെ തുടർന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരള്‍ച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം കാരണം ആളുകള്‍ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തില്‍ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോണ്‍ഫറൻസിങ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുക.നിലവില്‍ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂർണ്ണമായും കുടിവെള്ള ആവശ്യങ്ങള്‍ക്കായി മാത്രമായി മാറ്റിവെച്ചിരിക്കുകയാണെന്ന് ശിവകുമാർ വ്യക്തമാക്കി.

ഡാമുകളില്‍ ആവശ്യത്തിന് വെള്ളം എത്തുന്നതുവരെ കാർഷിക ആവശ്യങ്ങള്‍ക്കായി വെള്ളം തുറന്നുവിടില്ല. കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേല്‍ സമ്മർദ്ദം ചെലുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാമുകളില്‍ ജലനിരപ്പ് ഉയർന്നാല്‍ മാത്രമേ കാർഷിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കുന്ന കാര്യം ആലോചിക്കൂ.കാവേരി നദീജലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും, തുംഗഭദ്ര ജലത്തിനായി മറ്റ് ഭാഗങ്ങളില്‍ നിന്നും കടുത്ത സമ്മർദ്ദമുണ്ട്. പാർലമെന്റ് സമ്മേളനത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികള്‍ കാവേരി വിഷയം ഉന്നയിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തില്‍, ദില്ലി സന്ദർശിച്ച്‌ കർണാടകയില്‍ നിന്നുള്ള എംപിമാരോട് സംസ്ഥാനത്തിന്റെ യഥാർത്ഥ സാഹചര്യം സഭയില്‍ ഉന്നയിക്കാൻ ആവശ്യപ്പെടുമെന്നും ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ വിഷയം സെൻട്രല്‍ വാട്ടർ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് നിലവില്‍ 30 ശതമാനത്തോളം മഴയുടെ കുറവുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ശിവകുമാർ ചൂണ്ടിക്കാണിച്ചിരുന്നു. വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേന്ദ്രത്തില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും, കൂടുതല്‍ കൃത്യമായ വിവരങ്ങളും കണക്കുകളും കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group