ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ പാടുപെടുന്നവർക്ക് മാതൃകയാവുകയാണ് ബെംഗളൂരുവിലെ ദിവ്യ മോസസ് എന്ന യുവതി.പ്രവൃത്തിദിവസങ്ങള്‍ ജോലിക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഓഫീസില്‍ ലോഗിൻ ചെയ്യുന്നതിന് മുൻപ് താൻ ചെലവഴിക്കുന്ന സമയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഇവർ. രാവിലെ ഫോണില്‍ സമയം കളയാതെ, പ്രകൃതിയോട് ചേർന്ന് ശാന്തമായ ഒരു പ്രഭാതം എങ്ങനെ ആസ്വദിക്കാം എന്ന് ഈ വീഡിയോ കാണിച്ചുതരുന്നു.ഉച്ചയ്ക്ക് 12 മണിക്കാണ് ദിവ്യയുടെ ജോലി ആരംഭിക്കുന്നത്. ജോലിക്ക് മുൻപുള്ള സമയം പ്രയോജനപ്പെടുത്താനായി അവർ വീട്ടില്‍ നിന്ന് തന്നെ തയ്യാറാക്കിയ ഭക്ഷണവും കാപ്പിയും പുസ്തകവുമായി ഒരു തടാകക്കരയിലേക്ക് യാത്ര തിരിക്കുന്നു.
ബെംഗളൂരുവിന്റെ തിരക്കുകള്‍ക്കിടയിലും പ്രകൃതിദത്തമായ ഒരിടത്ത് വന്നിരുന്ന് പുസ്തകം വായിക്കുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. “ജോലിക്ക് മുൻപുള്ള ജീവിതം” എന്ന് പേരിട്ടിരിക്കുന്ന വീഡിയോ, ജോലിദിവസങ്ങളിലും നമുക്ക് സന്തോഷകരമായ നിമിഷങ്ങള്‍ കണ്ടെത്താമെന്ന തിരിച്ചറിവാണ് നല്‍കുന്നത്.ദിവ്യയുടെ ഈ ലളിതമായ പ്രഭാതചര്യ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പലരും ഈ രീതിയെ അഭിനന്ദിക്കുകയും തങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കമന്റുകളിലൂടെ അറിയിക്കുകയും ചെയ്തു. തിരക്കേറിയ നഗരജീവിതത്തിനിടയിലും മനസ്സിനെ ശാന്തമാക്കാൻ ഇത്തരത്തില്‍ ചെറിയ തീരുമാനങ്ങള്‍ മതിയെന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. ഔദ്യോഗിക ജീവിതത്തിനപ്പുറം സ്വയം സമയം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ യുവതി എല്ലാവർക്കും പകർന്നു നല്‍കുന്നത്.