ബെംഗളൂരു: ദേവനഹള്ളിയില്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കായികാധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു.അധ്യാപകന് ക്രൂരമായി മര്‍ദിച്ചതിന് പിന്നാലെയാണ് കുട്ടി കുഴഞ്ഞ് വീണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ പരാതിയില്‍ ദേവനഹള്ളി സ്റ്റെര്‍ലിംഗ് സ്കൂള്‍ അധ്യാപകന് നാരായണയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു്. അധ്യാപകന്റെ കടുത്ത ശിക്ഷാനടപടികള്‍ക്കിടെയാണ് വിദ്യാര്‍ത്ഥിയുടെ മരണം സംഭവിച്ചതെന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.സ്റ്റെര്‍ലിംഗ് റസിഡന്‍ഷ്യല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുകിരണിന്റെ മരണത്തിലാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളില്‍ താമസിച്ച് പഠിക്കുന്ന ഗുരുകിരണ്‍ ഇന്നലെ ഗ്രൗണ്ടില്‍ ഓടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്റെ കടുത്ത ശിക്ഷാ രീതിയാണ് കുട്ടിയുടെ ജീവനെടുത്തതെന്നാണ് ആരോപണം.സമയം തെറ്റിച്ച് വാഷ് റൂമില്‍ പോയി എന്നാരോപിച്ച് നാരായണ എന്ന അധ്യാപകന് ഗുരുകിരണിനെ അതിക്രൂരമായി മര്‍ദിച്ചതായി മറ്റ് കുട്ടികള്‍ അറിയിച്ചു.
ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു മര്‍ദനം. പിന്നാലെ ശിക്ഷാ നടപടി എന്ന നിലയില്‍ ഗ്രൗണ്ടിന് ചുറ്റും രണ്ട് റൗണ്ട് കുട്ടിയെ ഓടിച്ചു. ഇതിനിടയിലാണ് ഗുരുകിരണ്‍ കുഴഞ്ഞുവീണത്. മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഗ്രൗണ്ടിലേയും വിദ്യാര്‍ത്ഥി താമസിച്ചിരുന്ന മുറിയിലെയും സിസിടിവി ക്യാമറകള്‍ തകര്‍ക്കപ്പെട്ട നിലയിലായിരുന്നു എന്നതും ദുരൂഹത കൂട്ടി. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ബഗാലൂര്‍ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തതും നാരായണെ അറസ്റ്റ് ചെയ്തതും.വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. നാരായണ കുട്ടികളെ മുറികളില്‍ പൂട്ടിയിടുന്നതും ക്രൂരമായി മര്‍ദിക്കുന്നതും പതിവാണെന്നാണ് വിവരം. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കൂളിലേക്ക് നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു. പെട്രോള്‍ കാനുകളുമായി അധ്യാപകനെ കത്തിക്കും എന്ന് ആക്രോശിച്ച് എത്തിയ രോഷാകുലരായ നാട്ടുകാരില്‍ നിന്ന് ഏറെ പാടുപെട്ടാണ് പൊലീസ് നാരായണയെ രക്ഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.