ബെംഗളൂരു ഇന്ദിരാനഗറിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ ബൈക്ക് യാത്രികന് നേരെ ആഡംബര കാർ യാത്രക്കാരൻ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.കഴിഞ്ഞദിവസം സിഗ്നലില്‍ ചുവപ്പ് ലൈറ്റ് വീണ് കിടന്നപ്പോള്‍, മുന്നിലുള്ള വാഹനങ്ങള്‍ക്കിടയിലൂടെ കടന്നുപോകാനായി ബൈക്കുകാരൻ ഹോണ്‍ അടിച്ചതാണ് കാറിലുണ്ടായിരുന്നയാളെ പ്രകോപിപ്പിച്ചത്.തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ ഇയാള്‍ പൊതുമധ്യത്തില്‍ വെച്ച് ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിക്കുകയും വാഹനത്തില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു.വഴിയാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങള്‍ ലക്ഷ്മണ് നായിക് എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിലൂടെ ബെംഗളൂരു പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.അക്രമം അതിരുകടന്നതോടെ ചുറ്റുംകൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ബൈക്ക് യാത്രികന് പിന്തുണയുമായി രംഗത്തെത്തുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുകയുമായിരുന്നു.പണത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ റോഡില്‍ ഇറങ്ങുന്ന ഇത്തരം ഗുണ്ടായിസങ്ങള്ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ആവശ്യം.