ബെംഗളൂരു: കള്ളനോട്ടുകള്‍ അച്ചടിച്ച കേസില്‍ ഒരു എംബിഎ ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഗംഗോണ്ടനഹള്ളിയിലെ സമ്പികെ ലേഔട്ടില്‍ താമസിക്കുന്ന രുദ്രേഷ് (41) എന്നയാളാണ് പിടിയിലായത്.ബെംഗളൂരു നഗരത്തിലും, തുമകൂരു തുടങ്ങിയ പ്രദേശങ്ങളിലും ഇയാള്‍ വ്യാപകമായി വ്യാജ 500 രൂപ നോട്ടുകള്‍ ചെലവഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.ജൂലൈ 2-ന് ഹുലിയാരു ഗ്രാമത്തിലെ ഒരു കടയില്‍ നിന്ന് സിഗരറ്റ് വാങ്ങാൻ ഇയാള്‍ വ്യാജ 500 രൂപ നോട്ട് നല്‍കിയതോടെയാണ് സംഭവത്തിന്റെ അന്വേഷണം ആരംഭിക്കുന്നത്. കടക്കാരൻ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹുലിയാരു പോലീസ് അന്വേഷണം നടത്തുകയും പ്രതിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തുകയുമായിരുന്നു.പോലീസ് എത്തിയപ്പോള്‍ പ്രതിയുടെ കുടുംബാംഗങ്ങള്‍ പരിശോധന തടയാൻ ശ്രമിച്ചു. വീട് മുഴുവൻ വ്യാപകമായി തിരഞ്ഞിട്ടും ആദ്യം രുദ്രേഷിനെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കട്ടിലിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പൊക്കിയത്.
മുമ്പ് 2024-ല്‍ ദാവനഗരെ പോലീസ് പിടികൂടിയ ഒരു കള്ളനോട്ട് മാഫിയയുമായി രുദ്രേഷിന് ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളില്‍ 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്ത കേസായിരുന്നു അത്. അന്ന് രുദ്രേഷ് ഉള്‍പ്പെടെ ആറ് പേർ അറസ്റ്റിലാവുകയും ജയിലിലാവുകയും ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയ ശേഷം രുദ്രേഷ് വീണ്ടും കള്ളനോട്ട് നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഈ കേസിലെ മറ്റൊരു പ്രതി കൂടി ഇനി പിടികൂടാനുണ്ട്, ഇയാള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഹുലിയാരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈ കള്ളനോട്ട് ശൃംഖലയില്‍ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും എത്രത്തോളം വ്യാജ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ടെന്നും കണ്ടെത്താൻ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.