ബംഗളൂരു: കോര്‍പറേറ്റ് ലോകത്തെ കടുത്ത ജോലിഭാരവും കുറഞ്ഞ വേതനവും പുതിയ കാര്യമല്ല. വർഷങ്ങളായി തുടരുന്ന കനത്ത ജോലിഭാരം, ചെറിയ ശമ്പള വർധനവ്, വർദ്ധിച്ചുവരുന്ന സമ്മർദ്ദം എന്നിവ തന്‍റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശിയായ പ്രമോദ് പോള്‍ എന്ന യുവാവ് രാജിവെച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.’ഹ്യൂമൻസ് ഓഫ് ബോംബെ’ പങ്കുവെച്ച വീഡിയോയിലാണ് കയ്യില്‍ മറ്റൊരു ജോലി പോലുമില്ലാതെ താൻ കോർപ്പറേറ്റ് ജോലി രാജിവെക്കുകയാണെന്ന് പ്രമോദ് പ്രഖ്യാപിച്ചത്. “എന്‍റെ മുഖത്തെ ആ തിളക്കം നിങ്ങള്‍ കാണുന്നുണ്ടോ? ആ ദിവസം വന്നെത്തിയിരിക്കുന്നു. ഞാൻ രാജി വെക്കുകയാണ്.
കയ്യില്‍ മറ്റൊരു ജോലി ഓഫറുകളോ, ബാക്കപ്പ് പ്ലാനുകളോ ഒന്നുമില്ലാതെയാണ് ഈ രാജി,” എന്ന വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.തന്റെ പദവിക്ക് അപ്പുറമുള്ള ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റേണ്ടി വന്നിട്ടും അതിനനുസരിച്ചുള്ള വേതനം നല്‍കാൻ കമ്പനി തയ്യാറായില്ലെന്ന് പ്രമോദ് കുറ്റപ്പെടുത്തുന്നു. “രാപ്പകലില്ലാതെ ജോലി ചെയ്ത് ഒടുവില്‍ പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി. ഒരു സീനിയർ അനലിസ്റ്റിന്റെ (Senior Analyst) ജോലിയാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ തസ്തിക വെറും അനലിസ്റ്റിന്റേതും (Analyst), ശമ്പളം ഒരു ഇന്റേണിന്റേതുമായിരുന്നു.”കഠിനാധ്വാനത്തിന് പകരമായി കമ്പനി നല്‍കിയ തുച്ഛമായ ശമ്പള വർധനവാണ് പ്രമോദിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. “ഇത്രയധികം ഉത്കണ്ഠയും വിഷാദവും സഹിച്ചതിന് ഒടുവില്‍ എനിക്ക് ലഭിച്ചത് എന്താണ്? വെറും 6 ശതമാനം ശമ്പള വർധനവ്! വെറും 6 ശതമാനം! അതായത് കൃത്യമായി പറഞ്ഞാല്‍ മാസം വെറും 2,600 രൂപയുടെ വർധനവ്,” പ്രമോദ് വീഡിയോയില്‍ ആക്രോശിക്കുന്നു.
ബംഗളൂരുവിനടുത്തുള്ള കോളാറില്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലാണ് പോള്‍ ജനിച്ചത്. പ്രമോദിന്‍റെ പിതാവ് പാസ്റ്ററും മാതാവ് വീട്ടമ്മയുമാണ്. ലോണ്‍ എടുത്താണ് പ്രമോദിനെയും സഹോദരനെയും പഠിപ്പിച്ചത്. പഠനത്തിന് ശേഷം കുടുംബത്തെ സഹായിക്കാനായി ഒരു ‘വെല്‍ത്ത് മാനേജർ’ (Wealth Manager) ആയാണ് പ്രമോദ് കരിയർ ആരംഭിക്കുന്നത്. ഇതിനിടയില്‍ കുടുംബത്തിന്റെ പഴയ കടങ്ങള്‍ വീട്ടാനായി പ്രമോദ് സ്വന്തം പേരില്‍ 8 ലക്ഷം രൂപയുടെ മറ്റൊരു ലോണും എടുക്കേണ്ടി വന്നു.പിന്നീടാണ് പ്രമോദ് ബെംഗളൂരുവിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറുന്നത്. അവിടെ നീണ്ട 4 വർഷത്തോളം പ്രമോദ് കഠിനാധ്വാനം ചെയ്തു. എന്നാല്‍ കമ്പനി മറ്റൊരു വലിയ ഗ്രൂപ്പ് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.”നാല് വർഷത്തോളം ആത്മാര്‍ഥമായിട്ടാണ് ഞാൻ ആ കമ്പനിയില്‍ ജോലി ചെയ്തത്.
എന്നാല്‍ കമ്പനി മറ്റൊരാള്‍ ഏറ്റെടുത്തതോടെ മാനേജ്മെന്റ് മാറി. അവരുടെ ആർത്തി കൂടിവരികയും ജീവനക്കാരുടെ പ്രമോഷനുകള്‍ ഇല്ലാതാവുകയും ചെയ്തു. ജോലിഭാരം മാത്രം കുത്തനെ കൂടി,” പ്രമോദ് ഓർക്കുന്നു. ചായക്കച്ചവടക്കാര്‍ പോലും പ്രതിമാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം മാത്രമാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. സമ്മർദ്ദത്തെ നേരിടാൻ, കോർപ്പറേറ്റ് ജീവിതത്തെയും ദൈനംദിന പോരാട്ടങ്ങളെയും കുറിച്ചുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കണ്ടന്‍റ് ക്രിയേഷനിലേക്ക് തിരിഞ്ഞതായി പോള്‍ പറഞ്ഞു. ഈ വീഡിയോകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോള്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ആഗസ്ത് 15 ആണ് കമ്പനിയിലെ തന്‍റെ അവസാന പ്രവൃത്തി ദിവസമെന്നും പ്രമോദ് പറഞ്ഞു.