ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും പ്രണയപ്പകയില്‍ കൊലപാതകം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടില്‍ ആണ്‍സുഹൃത്ത് യുവതിയെ കുത്തിക്കൊന്നു.ഇരുപത്തിമൂന്നുകാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പൊലീസ് പിടികൂടി.ഞായറാഴ്ച രാത്രി ഒൻപതര മണിയോടെയായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. നാല് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ അത്താഴം കഴിക്കാൻ ക്ഷണിച്ച ശേഷമാണ് പ്രതി കുത്തിക്കൊന്നത്. നാട്ടുകാർ നോക്കിനില്‍ക്കെ അഞ്ജലിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു രാജീവ്. കുത്തേറ്റ് വീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഹാലക്ഷ്മി ലേഔട്ട് പൊലീസ് പ്രതിയെ സമീപത്ത് നിന്ന് തന്നെ പിടികൂടി.
പ്രതി കുറ്റം സമ്മതിച്ചു.ഒരുമിച്ച് ജോലി ചെയ്തിരുന്ന അഞ്ജലിയും രാജീവും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. രാജീവ് യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എങ്കിലും അഞ്ജലിയുടെ വീട്ടുകാർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഇയാള്‍ ചില ക്രിമിനല്‍ കേസുകളില്‍ പ്രതിയായതാണ് വീട്ടുകാരുടെ എതിർപ്പിന് കാരണം. ഇത് വകവയ്ക്കാതെ ബന്ധം തുടർന്നെങ്കിലും അടുത്തിടെ അഞ്ജലി ബന്ധത്തില്‍ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു. ഇതാണ് പ്രകാപനകാരണം എന്ന് രാജീവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി മഹാലക്ഷ്മി ലേഔട്ടിന് സമീപമുള്ള പൈപ്പ് ലൈൻ എന്ന സ്ഥലത്തേക്ക് അത്താഴത്തിനായി ക്ഷണിച്ച രാജീവ് അവിടെ വച്ച് വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതോടെ വാക്കേറ്റമുണ്ടാകുകയും രാജീവ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഞ്ജലിയെ കുത്തുകയുമായിരുന്നു.