Home ചെന്നൈ ഡിഎംകെയെ പാര്‍ട്ടി ഫണ്ട് വിഷയത്തില്‍ കടന്നാക്രമിച്ച്‌ വിജയ്; പിന്നാലെ കുടുംബജീവിതം ചൂണ്ടിക്കാട്ടി ഉദയനിധി

ഡിഎംകെയെ പാര്‍ട്ടി ഫണ്ട് വിഷയത്തില്‍ കടന്നാക്രമിച്ച്‌ വിജയ്; പിന്നാലെ കുടുംബജീവിതം ചൂണ്ടിക്കാട്ടി ഉദയനിധി

by ടാർസ്യുസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയും തമ്മില്‍ രൂക്ഷമായ വാക്‌പോര്.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയാണ് സഭയില്‍ സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഡിഎംകെ എംഎല്‍എമാർ നിരന്തരം തടസം സൃഷ്‌ടിച്ചതിനെ തുടർന്ന് ഇരുപക്ഷവും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. പിന്നീട് പ്രതിഷേധിച്ച്‌ ഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്‌തു.പ്രസംഗത്തിനിടെ ഡിഎംകെ പാർട്ടി ഫണ്ട് എന്ന പേരില്‍ പണം പിരിച്ചെടുക്കുകയാണെന്ന് വിജയ് ആരോപിച്ചു. പാർട്ടി ഫണ്ടിന്റെ പേരില്‍ പണം പിരിച്ചെടുക്കുകയാണ് അവർ. പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്ന രാഷ്ട്രീയം ഞങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ല.

പുറത്തുവരുന്ന ഓരോ അഴിമതിക്കേസും സമഗ്രമായി അന്വേഷിക്കും. അതില്‍ ഉള്‍പ്പെട്ട ആരെയും വെറുതെ വിടില്ല; എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഡിഎംകെയുടെ മുൻനിര നേതാവ് എംകെ സ്‌റ്റാലിനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു കൈആംഗ്യവും വിജയ് സഭയില്‍ അനുകരിച്ചതോടെ സഭയിലെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ടിവികെ സർക്കാർ രൂപീകരിക്കുന്നതിനായി സെക്യുലർ പ്രോഗ്രസീവ് അലയൻസിലെ കക്ഷികളെ കുതിരക്കച്ചവടം നടത്തി സ്വന്തം പക്ഷത്തേക്ക് കൊണ്ടുവന്നുവെന്ന ഡിഎംകെയുടെ ആരോപണവും വിജയ് തള്ളി.സിപിഎമ്മും മുസ്ലിം ലീഗും സ്വന്തം രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് പിന്തുണ നല്‍കിയതെന്നും അതില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപാടുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ ആദ്യമായാണ് ഭരണകക്ഷിയായ ടിവികെയും ഡിഎംകെയും ഇത്തരത്തില്‍ നേർക്കുനേർ വരുന്നത്.അതേസമയം, പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിൻ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതും സഭയില്‍ വിവാദമായി.

‘ചെങ്കല്‍പട്ട് കോടതിയില്‍ ഭർത്താവിനെ അന്വേഷിച്ച്‌ നടക്കുന്ന ഭാര്യയുടെ കഥ തമിഴ്‌നാടിന് അറിയാം’എന്ന് ഉദയനിധി പരിഹസിച്ചു. കഴിഞ്ഞ ഡിസംബറില്‍ വിജയിയുടെ ഭാര്യ സംഗീത ചെങ്കല്‍പട്ട് കുടുംബ കോടതിയില്‍ വിവാഹമോചന ഹർജി നല്‍കിയെന്ന റിപ്പോർട്ടുകളെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഈ പരാമർശം.കൂടാതെ, കർഷകരുടെ സമരത്തിന് പിന്നില്‍ പ്രതിപക്ഷ പാർട്ടികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന കർഷകരെ അപമാനിക്കുന്നതാണെന്നും ഉദയനിധി സ്‌റ്റാലിൻ ആരോപിച്ചു. ‘താൻ ഒരു ചെറിയ കഥ പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് കർഷകരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ്. അതിനാല്‍, വിജയ് ഇപ്പോഴെങ്കിലും ഇത്തരം പരാമർശങ്ങള്‍ ഒഴിവാക്കണം’ എന്നും അദ്ദേഹം സഭയില്‍ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group