Home കർണാടക ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് നവീകരണം വൈകുന്നു; എന്നിട്ടും യാത്രക്കാര്‍ക്ക് ആശ്വാസം..! ബി സ്‌മൈല്‍ നീക്കം ഇങ്ങനെ

ബെംഗളൂരു ഔട്ടര്‍ റിംഗ് റോഡ് നവീകരണം വൈകുന്നു; എന്നിട്ടും യാത്രക്കാര്‍ക്ക് ആശ്വാസം..! ബി സ്‌മൈല്‍ നീക്കം ഇങ്ങനെ

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത ഇടനാഴികളിലൊന്നായ ഔട്ടർ റിംഗ് റോഡിന്റെ സമഗ്ര നവീകരണ പദ്ധതി വൈകുന്നു.ഔട്ടർ റിംഗ് റോഡ് അഥവാ ഒആർആർ നവീകരണ പദ്ധതിയുടെ കരാർ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്‌ത കമ്പനിക്ക് നല്‍കേണ്ടതില്ലെന്ന് ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈല്‍) തീരുമാനിച്ചതോടെയാണ് ഇത്. പദ്ധതി നടപ്പാക്കല്‍ വീണ്ടും വൈകാനിടയായതില്‍ പക്ഷേ യാത്രക്കാരും പ്രദേശവാസികളും ഒരുപോലെ ആശ്വാസത്തിലാണ് എന്നതാണ് വിരോധാഭാസം.പദ്ധതിക്കായി കൂടുതല്‍ കമ്പനികള്‍ക്ക് മത്സരിക്കാൻ അവസരമൊരുക്കുന്നതിനായി ബി-സ്മൈല്‍ പുതിയ ടെൻഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പുതിയ ടെൻഡർ നടപടികള്‍ പൂർത്തിയായ ശേഷമായിരിക്കും കരാർ നല്‍കുകയും നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുക.

മഴക്കാലത്ത് വൻതോതില്‍ റോഡ് പൊളിക്കല്‍ ഒഴിവാക്കാൻ ബിസ്മൈല്‍ തീരുമാനം ഇടയാക്കുന്നതിനാലാണ് യാത്രക്കാർ ആശ്വസിക്കുന്നത്. ഇതോടെ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരും ഐടി ജീവനക്കാരും ആശങ്കയില്‍ നിന്ന് മുക്തരായി.സില്‍ക്ക് ബോർഡ് ജംഗ്ഷനില്‍ നിന്ന് കെആർ. പുരം വരെ ഏകദേശം 17 കിലോമീറ്റർ നീളമുള്ള ഒആർആർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്കാണ് സർക്കാർ നേരത്തെ അംഗീകാരം നല്‍കിയിരിക്കുന്നത്. ഏകദേശം 450 കോടി ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഒപ്പം തന്നെ മേഖലയെ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും ഉള്‍പ്പെടുത്തിയിരുന്നു.റോഡിന്റെ കോണ്‍ക്രീറ്റ് നവീകരണം, വിശാലമായ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് മുൻഗണനാ പാതകള്‍, മികച്ച ഡ്രെയിനേജ് സംവിധാനം, സ്‌മാർട്ട് സ്ട്രീറ്റ് ലൈറ്റുകള്‍, ആധുനിക റോഡ് ഫർണിച്ചർ എന്നിവ ഉള്‍പ്പെടും. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും മെട്രോ തുറക്കുന്ന സമയത്ത് അവസാന മൈല്‍ കണക്റ്റിവിറ്റിയും വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.ആദ്യഘട്ടത്തില്‍ പദ്ധതി ഉടൻ ആരംഭിച്ച്‌ ഏകദേശം 11 മാസത്തിനുള്ളില്‍ പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ശക്തമായ മഴയും നിലവില്‍ ഒആർആറില്‍ തുടരുന്ന മെട്രോ നിർമ്മാണവും കണക്കിലെടുത്ത് റോഡ് പൊളിക്കല്‍ താല്‍ക്കാലികമായി മാറ്റിവെക്കാൻ അധികൃതർ തീരുമാനിച്ചു.

മഴക്കാലത്ത് നിർമാണം ആരംഭിച്ചാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും യാത്രക്കാരുടെ ബുദ്ധിമുട്ട് വർധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലും ഇതിന് കാരണമായി.ഇതിനിടെ, ബെംഗളൂരുവില്‍ പെയ്യുന്ന കനത്ത മഴ ഒആർആറിലെ പല ഭാഗങ്ങളിലും വീണ്ടും വെള്ളക്കെട്ടും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും സൃഷ്‌ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ പനത്തൂർ, ബാലഗെരെ, ബെല്ലന്ദൂർ തുടങ്ങിയ മേഖലകളില്‍ മഴക്കാലത്ത് യാത്ര ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. അതിനാല്‍ വലിയ തോതിലുള്ള റോഡ് നിർമ്മാണം മഴ കഴിഞ്ഞശേഷം ആരംഭിക്കുന്നത് യാത്രക്കാർക്ക് താല്‍ക്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം, പദ്ധതി വൈകിയെങ്കിലും ഇടനാഴിയുടെ സമഗ്ര നവീകരണം ഉപേക്ഷിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലം അവസാനിച്ച ശേഷം ടെൻഡർ നടപടികളും മറ്റ് സാങ്കേതിക നടപടികളും പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാണ് നീക്കം. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഐടി ഇടനാഴിക്ക് കൂടുതല്‍ സുരക്ഷിതവും കാല്‍നടയാത്രക്കും പൊതുഗതാഗതത്തിനും അനുയോജ്യമായ ആധുനിക റോഡ് അടിസ്ഥാനസൗകര്യം ലഭിക്കുമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group