ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സ്വപ്ന പദ്ധതിയായ ബിദാദി ടൗണ്‍ഷിപ്പിന് എതിർപ്പേറുന്നു. പദ്ധതിയുടെ ആദ്യ വിവരങ്ങള്‍ വന്നത് മുതല്‍ തുടങ്ങിയ എതിർപ്പും വിമർശനവും കൂടുതല്‍ ശക്തമാവുകയാണ് ഇപ്പോള്‍.അടുത്തിടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വാർത്തകള്‍ വന്നതിന് പിന്നാലെ കർഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പ്രതിപക്ഷ കക്ഷികളും പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ്.അതിന്റെ ഭാഗമായി എതിർപ്പ് ശക്തമാക്കുകയാണ് ജെഡിഎസ് അടക്കമുള്ള പാർട്ടികള്‍. ബിദാദിയിലും ഹരോഹള്ളിയിലുമുള്ള കാർഷിക ഭൂമി ടൗണ്‍ഷിപ്പ് പദ്ധതിയുടെ പേരില്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ (സെക്കുലർ) നേതാക്കള്‍ കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് നിവേദനം സമർപ്പിച്ചു.
ജെഡിഎസിന്റെ ഗ്രേറ്റർ ബെംഗളൂരു പ്രസിഡന്റ് എച്ച്എം രമേഷ് ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബെംഗളൂരു വെസ്റ്റ് ജില്ലാ പ്രസിഡന്റ് ടി തിമ്മെഗൗഡ, ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡന്റ് എച്ച്സി കൃഷ്ണ, ബെംഗളൂരു ഈസ്റ്റ് ജില്ലാ പ്രസിഡന്റ് നടരാജ് ഗംഗാധർ എന്നിവരും പങ്കെടുത്തു. നേരത്തെ തന്നെ പദ്ധതിയില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു ജെഡിഎസ്.ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മാത്രം 498 ഏക്കറിലധികം ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജെഡിഎസ് ആരോപിച്ചു. ഇതുമൂലം ഏകദേശം 750 കുടുംബങ്ങള്‍ നേരിട്ട് ബാധിക്കപ്പെടുമെന്നും, ഇവരില്‍ 614 പേരും ചെറുകിട, നാമമാത്ര ഭൂവുടമകളായ കർഷകരാണെന്നും അവർ വ്യക്തമാക്കി.അടുത്ത ഘട്ടത്തില്‍ 7481 മുതല്‍ 9600 ഏക്കർ വരെ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും ജെഡിഎസ് ആരോപിച്ചു. കർഷകർ ഭൂമി വിട്ടുനല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍, നഷ്ടപരിഹാര തുക കോടതിയില്‍ നിക്ഷേപിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജെഡിഎസ് നേതാക്കള്‍ ആരോപിച്ചു.
ഇത് ആയിരക്കണക്കിന് കർഷകരെ സ്വന്തം ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് കേന്ദ്രീകൃത ടൗണ്‍ഷിപ്പ് പദ്ധതിക്കായി ബിദാദി മേഖലയിലെ കാർഷിക ഭൂമി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ജെഡിഎസ് സ്വീകരിക്കുന്നത്. ഇതിന് കർഷക സംഘടനകളുടെ പിന്തുണയും ഒപ്പമുണ്ട്.അതേസമയം, ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം നടത്തുന്ന കർഷകരോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സമീപനത്തെ ജെഡിഎസ് യുവജന വിഭാഗം നേതാവ് നിഖില്‍ കുമാരസ്വാമി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്നലെ 11 കിലോമീറ്റർ ദൈർഘ്യമുള്ള പ്രതിഷേധ മാർച്ച് നടത്തിയ നിഖില്‍, മൂന്ന് ഗ്രാമങ്ങളിലെ കർഷകർ കഴിഞ്ഞ 450 ദിവസമായി സമരം തുടരുകയാണെങ്കിലും സർക്കാർ ഭാഗത്തുനിന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പോലും അവരുമായി ചർച്ച നടത്താൻ തയ്യാറായിട്ടില്ലെന്നും ആരോപിച്ചു.
ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിബെംഗളൂരു നഗരത്തിലെ ജനസാന്ദ്രതയും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി കർണാടക സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബിദാദി ടൗണ്‍ഷിപ്പ്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയുടെ സമീപത്തായി രാമനഗര ജില്ലയിലെ ബിദാദിയിലാണ് ഈ ആധുനിക ടൗണ്‍ഷിപ്പ് വികസിപ്പിക്കുന്നത്.ആധുനിക പാർപ്പിട സമുച്ചയങ്ങള്‍, ഐടി പാർക്കുകള്‍, വ്യവസായ മേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മികച്ച റോഡ് ശൃംഖല, പൊതുഗതാഗത സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതി ഡികെ ശിവകുമാറിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ്.