ബെംഗളൂരു: കർണാടക തലസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള മോഷ്ടാക്കളുടെ ആസൂത്രിത ശ്രമം ഒടുവില്‍ അപ്രതീക്ഷിത ദുരന്തത്തില്‍ കലാശിച്ചു.വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രധാന പ്രതി ഹൃദയാഘാതം മൂലം റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിലെ കബ്ബണ്‍പേട്ടിലെ 14-ാം ക്രോസിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന ഈ വിചിത്ര സംഭവം അരങ്ങേറിയത്.കബ്ബണ്‍പേട്ടിലെ തിരക്കേറിയ റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ രണ്ടംഗ കവർച്ചാ സംഘം പെട്ടെന്ന് തട്ടിയെടുത്ത് അതിവേഗത്തില്‍ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉടമ ഉറക്കെ ബഹളം വെച്ചതോടെ, തൊട്ടടുത്ത കടയിലുണ്ടായിരുന്ന ജീവനക്കാരൻ അതിസാഹസികമായി മുന്നോട്ട് വന്ന് പ്രതികളുടെ ബൈക്കിന് നേരെ വലിയൊരു ചാക്ക് എറിഞ്ഞ് ഇവരെ തടയാൻ ശ്രമിച്ചു. ചാക്ക് ബൈക്കില്‍ തട്ടിയതോടെ നിയന്ത്രണം നഷ്ടമാവുകയും പ്രതികള്‍ ഇരുവരും വാഹനവുമായി റോഡില്‍ വീഴുകയും ചെയ്തു.തുടർന്ന് നാട്ടുകാർ തങ്ങളെ വളയുന്നത് കണ്ട് ഭയന്ന പ്രതികള്‍ വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
നാട്ടുകാരും വ്യാപാരികളും പിന്നാലെ ഓടിയതോടെ കിലോമീറ്ററുകളോളം ഭയന്നോടിയ പ്രതികളില്‍ ഒരാള്‍ക്ക് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ ഹൃദയാഘാതം മൂലം അതിനോടകം തന്നെ ഇയാള്‍ മരണപ്പെട്ടതായി ഡോക്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർബാസ് എന്ന രണ്ടാമത്തെ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെയും, വ്യാപാരി ചാക്ക് എറിഞ്ഞ് ബൈക്ക് വീഴ്ത്തുന്നതിന്റെയും, തുടർന്നുണ്ടായ സംഭവങ്ങളുടെയും കൃത്യമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പ്രദേശത്തുനിന്നും കണ്ടെടുത്തു. സംഭവത്തില്‍ ഹലസുരു ഗേറ്റ് പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കവർച്ചാ സംഘത്തെക്കുറിച്ചും മരിച്ച പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.