ബെംഗളൂരു: സ്വകാര്യ കമ്പനികളുമായി ചേർന്ന് മെട്രോ പദ്ധതികള്‍ക്ക് കൂടുതല്‍ ധനസമാഹരണം നടത്താനുള്ള നീക്കവുമായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് രംഗത്ത്.മെട്രോ സ്‌റ്റേഷനുകളുടെ കോ-ബ്രാൻഡിംഗ് അവകാശവും കണക്റ്റിവിറ്റി വികസനാവകാശവും നല്‍കുന്നതിന് പകരമായി സ്വകാര്യ കമ്പനികളില്‍ നിന്ന് മുൻകൂറായി നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയിലൂടെ 460 കോടി രൂപ കൂടി സമാഹരിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സത്വ ഗ്രൂപ്പ് രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ക്ക് കോ-ബ്രാൻഡിംഗ് അവകാശം നേടുന്നതിനായി ചർച്ച നടത്തുകയാണ് എന്നാണ് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇതില്‍ എയർപോർട്ട് മെട്രോ ഇടനാഴിയിലെ (ബ്ലൂ ലൈൻ ഫേസ് 2ബി) ഒരു സ്‌റ്റേഷനായി 100 കോടി രൂപയും, പർപ്പിള്‍ ലൈനിലെ പട്ടണഗെരെ സ്‌റ്റേഷനായി 65 കോടി രൂപയും നിക്ഷേപിക്കാൻ കമ്പനി തയ്യാറാണെന്നാണ് വിവരം.ഇതിന് പുറമെ, മന്യത എംബസി ബിസിനസ് പാർക്ക് 100 കോടി രൂപ നിക്ഷേപിക്കാനും, പ്രസ്‌റ്റീജ് ഗ്രൂപ്പ് എയർപോർട്ട് മെട്രോ ഇടനാഴിയിലെ ഒരു സ്‌റ്റേഷനായി 65 കോടി രൂപ നല്‍കാനും ചർച്ച നടത്തുന്നുണ്ട്.
അതേസമയം, അപ്പോളോ ഹോസ്‌പിറ്റല്‍സ് ബന്നാർഘട്ട റോഡിലെ മെട്രോ സ്‌റ്റേഷനായി 65 കോടി രൂപ നിക്ഷേപിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇൻമൊബി കൊടിബീസനഹള്ളി മെട്രോ സ്‌റ്റേഷനായി 65 കോടി രൂപ നിക്ഷേപിക്കുന്നതും പരിഗണിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.ഈ ചർച്ചകള്‍ വിജയിച്ചാല്‍, ബെംഗളൂരു മെട്രോയ്ക്ക് 460 കോടി രൂപയുടെ അധിക ധനസഹായം ലഭിക്കുമെന്ന് ബിഎംആർസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിന് മുമ്പും സമാനമായ പദ്ധതിയിലൂടെ ബിഎംആർസി 510 കോടി രൂപ സമാഹരിച്ചിരുന്നു. എംബസി പ്രോപ്പർട്ടി ഡെവലപ്മെന്റ്സ്, ഇൻഫോസിസ് ഫൗണ്ടേഷൻ എന്നിവ കടുബീസനഹള്ളി, കോണപ്പന അഗ്രഹാര മെട്രോ സ്‌റ്റേഷനുകള്‍ക്കായി 100 കോടി രൂപ വീതം നിക്ഷേപിക്കുകയായിരുന്നു.ബയോകോണ്‍ ഫൗണ്ടേഷനും ഡെല്‍റ്റ ഇലക്‌ട്രോണിക്‌സ് ഇന്ത്യയും ഹെബ്ബഗൊടി, ബൊമ്മസാന്ദ്ര സ്‌റ്റേഷനുകള്‍ക്കായി 65 കോടി രൂപ വീതം നല്‍കി. ബാഗ്മനെ ഡെവലപ്പേഴ്‌സ് ഡിആർഡിഒ മെട്രോ സ്‌റ്റേഷനും അനുബന്ധ കണക്റ്റിവിറ്റി പദ്ധതികള്‍ക്കുമായി 70 കോടി രൂപ നിക്ഷേപിച്ചു. പ്രസ്‌റ്റീജ് ബീറ്റ പ്രോജക്റ്റ്സ് ബെല്ലന്ദൂർ സ്‌റ്റേഷനായി 90 കോടി രൂപ നല്‍കി. ബോഷ് കമ്പനിയും ഐടിപിബി കണക്റ്റിവിറ്റി പദ്ധതിയും സ്‌റ്റേഷൻ കണക്റ്റിവിറ്റി വികസനത്തിനായി 10 കോടി രൂപ വീതം സംഭാവന ചെയ്‌തിട്ടുണ്ട്.ഇതിനുപുറമെ, ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് എയർപോർട്ട് മെട്രോ കണക്റ്റിവിറ്റി വികസനത്തിനായി ഏകദേശം 800 കോടി രൂപ നിക്ഷേപിക്കുന്നുമുണ്ട്.
2018-ലാണ് കർണാടക സർക്കാർ സ്വകാര്യ കമ്പനികളുമായി പങ്കാളിത്തത്തിലൂടെ ധനസമാഹരണം നടത്താൻ ബിഎംആർസിഎല്ലിന് അനുമതി നല്‍കിയത്.ഈ മാതൃക പ്രകാരം, ഒരുതവണ മാത്രം നല്‍കുന്ന, തിരികെ ലഭിക്കാത്ത പ്രീമിയത്തിന് പകരമായി 30 വർഷത്തേക്ക് സ്‌റ്റേഷൻ കോ-ബ്രാൻഡിംഗ് അവകാശം കമ്പനികള്‍ക്ക് ലഭിക്കും. കൂടാതെ സ്‌റ്റേഷനിലെ ബ്രാൻഡിംഗ്, പൊതു പ്രഖ്യാപനങ്ങളിലെ പരസ്യാവകാശം, 1,000 ചതുരശ്ര അടി പരസ്യ സ്ഥലം, 3,000 ചതുരശ്ര അടി വാണിജ്യ സ്ഥലം, ആവശ്യമായിടത്ത് സ്കൈവോക്ക്, നടപ്പാലം തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള അവകാശവും ഇതില്‍ ഉള്‍പ്പെടും.യാത്രാക്കൂലി ഒഴികെയുള്ള വരുമാനം വർധിപ്പിക്കുക, വായ്‌പകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ബെംഗളൂരു മെട്രോയുടെ വികസനം കൂടുതല്‍ സുസ്ഥിരമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ബിഎംആർസിഎല്‍ അറിയിച്ചു.2026-27 സംസ്ഥാന ബജറ്റില്‍ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഔട്ടർ റിംഗ് റോഡ് മെട്രോ വയഡക്റ്റിന് സമീപമായി 9 കിലോമീറ്റർ നീളമുള്ള നടപ്പാത നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 160 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ സ്പോണ്‍സർ ചെയ്യാനാണ് നിർദേശം. ഇതിലൂടെ യാത്രക്കാർക്ക് അവസാനഘട്ട യാത്ര കൂടുതല്‍ എളുപ്പമാവുകയും ബിഎംആർസിക്ക് ചിലവ് കുറയുകയും ചെയ്യും.