ബെംഗളൂരു: പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുന്ന വമ്പൻ അടിസ്ഥാനസൗകര്യ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്.നിലവില്‍ ദേശീയപാത 48 വഴിയുള്ള യാത്രയില്‍ നേരിടുന്ന ഗതാഗതക്കുരുക്കുകളും ദൈർഘ്യമേറിയ യാത്രാസമയവും കുറയ്ക്കുന്നതിനായി പുതിയ പൂനെ-ബെംഗളൂരു ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതിയിടുന്നു.ബെംഗളൂരു നഗരത്തിന് ആശ്വസിക്കാം; ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിർണായക നീക്കം, 518 ഏക്കർ ഭൂമി ഏറ്റെടുക്കുംപദ്ധതി യാഥാർഥ്യമായാല്‍ നിലവിലെ 14 മുതല്‍ 15 മണിക്കൂർ വരെ വേണ്ടിവരുന്ന യാത്ര വെറും 6 മുതല്‍ 7 മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കും.
ഭാരത് മാല പരിയോജനയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ അതിവേഗ പാതയ്ക്ക് ഏകദേശം 700 കിലോമീറ്റർ നീളമുണ്ടാകും. പൂനെയും ബെംഗളൂരുവും തമ്മിലുള്ള നിലവിലെ ദൂരം കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.എവിടെ നിന്നാരംഭിച്ച് എവിടെ അവസാനിക്കും?പുതിയ എക്സ്പ്രസ് വേ മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ നിർദ്ദിഷ്ട റിംഗ് റോഡിലുള്ള കഞ്ചാലെയില് നിന്നാണ് ആരംഭിക്കുന്നത്. തുടർന്ന് കർണാടകയിലെ ബെംഗളൂരു റൂറല്‍ ജില്ലയിലെ മുത്തുഗദഹള്ളിവരെ പാത നീളും. ബെംഗളൂരു സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന. മുംബൈ-പുണെ എക്സ്പ്രസ് വേയുമായുള്ള മികച്ച കണക്റ്റിവിറ്റിയും പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ഇതിലൂടെ മുംബൈയില്‍ നിന്നുള്ള യാത്രക്കാർക്കും ബെംഗളൂരുവിലേക്ക് കൂടുതല്‍ വേഗത്തില്‍ എത്തിച്ചേരാൻ സാധിക്കും.നഗരഗതാഗതക്കുരുക്കുകള് ഒഴിവാക്കുംനിലവിലെ ദേശീയപാത 48-ല്‍ യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സത്താറ, സാംഗ്ലി, കോലാപ്പൂർ തുടങ്ങിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകളാണ്.
പുതിയ ഗ്രീൻഫീല്‍ഡ് എക്സ്പ്രസ് വേ പ്രധാന നഗരങ്ങളുടെ പുറംപ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതുവഴി ട്രാഫിക് സിഗ്നലുകള്‍, നഗര തിരക്ക്, ഭാരമേറിയ ചരക്ക് വാഹനങ്ങളുടെ നീണ്ട നിരകള്‍ എന്നിവ ഒഴിവാക്കി സ്ഥിരമായ വേഗതയില്‍ യാത്ര ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്ര ചെയ്യുന്ന കാർ യാത്രികർക്കും ബൈക്ക് റൈഡർമാർക്കും ഇത് വലിയ ആശ്വാസമാകും.പശ്ചിമഘട്ടത്തിലൂടെ തുരങ്കങ്ങളും പാലങ്ങളുംമഹാരാഷ്ട്രയിലെ പുണെ, സത്താറ, സാംഗ്ലി ജില്ലകളിലൂടെയാണ് പാതയുടെ ആദ്യഘട്ടം കടന്നുപോകുന്നത്. പശ്ചിമഘട്ട മലനിരകളുള്ള സത്താറ മേഖലയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി മറികടക്കുന്നതിനായി നിരവധി തുരങ്കങ്ങളും വൻ പാലങ്ങളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. കർണാടകയിലേക്ക് പ്രവേശിക്കുന്ന പാത ബെളഗാവി, ബാഗല്‍കോട്ട്, ഗദഗ്, കൊപ്പല്‍, വിജയനഗര, ദാവൻഗരെ, ചിത്രദുർഗ, തുമകൂരു എന്നീ പ്രധാന ജില്ലകളിലൂടെ കടന്നുപോകും. ഇതിലൂടെ സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങള്‍ക്കും മികച്ച റോഡ് ബന്ധം ലഭിക്കും.120 കിലോമീറ്റർ വേഗതയില്‍ യാത്രപൂർണമായും ആക്സസ് കണ്ട്രോള്ഡ് സംവിധാനത്തില്‍ നിർമ്മിക്കുന്ന ഈ എക്സ്പ്രസ് വേയില്‍ മണിക്കൂറില്‍ 120 കിലോമീറ്റർ വരെ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും.
ഇതോടെ നിലവിലെ റൂട്ടിനെ അപേക്ഷിച്ച് ഏകദേശം 95 കിലോമീറ്റർ ദൂരം കുറയുകയും യാത്രാസമയം പകുതിയായി ചുരുങ്ങുകയും ചെയ്യും. ഗതാഗത തടസങ്ങളില്ലാത്തതിനാല്‍ ചില സാഹചര്യങ്ങളില്‍ പൂനെ-ബെംഗളൂരു യാത്ര ആറു മണിക്കൂറിനുള്ളില്‍ പോലും പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.വ്യോമസേനയ്ക്കായി പ്രത്യേക ലാൻഡിംഗ് സ്ട്രിപ്പ്പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നാണ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന വ്യോമസേനാ ലാൻഡിംഗ് സ്ട്രിപ്പ്. മഹാരാഷ്ട്രയിലെ ദേശീയപാത ശൃംഖലയില്‍ ആദ്യമായാണ് ഇത്തരം സംവിധാനം ഒരുക്കുന്നത്. യുദ്ധവിമാനങ്ങള്‍ക്കും മറ്റ് പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി റണ്‍വേയായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് വികസിപ്പിക്കുക. ദേശീയ സുരക്ഷാ രംഗത്തും പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ സംവിധാനം.50,000 കോടി രൂപയുടെ വമ്പൻ നിക്ഷേപംപദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് പ്രകാരം നിർമാണച്ചെലവ് ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ചെലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ചെലവ് 50,000 കോടി രൂപയോളം എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കർണാടകയില്‍ മാത്രം 5,205 ഹെക്ടറിലധികം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഉടൻ തന്നെ പൊതുജനാഭിപ്രായ ശേഖരണവും ജനസമ്പർക്ക യോഗങ്ങളും ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.2028-ല്‍ തുറക്കാൻ ലക്ഷ്യംഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂർത്തിയാകുകയാണെങ്കില്‍ 2026-ല്‍ തന്നെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി നിശ്ചയിച്ച സമയക്രമത്തില്‍ തന്നെ മുന്നോട്ട് പോയാല്‍ 2028-ഓടെ എക്സ്പ്രസ് വേ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാൻ സാധിക്കും. പൂനെയും ബെംഗളൂരുവും പോലുള്ള രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം ചരക്ക് ഗതാഗതത്തിനും വ്യവസായ വികസനത്തിനും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജനം നല്കുന്ന പദ്ധതിയായിരിക്കും ഇത്.