Home തിരഞ്ഞെടുത്ത വാർത്തകൾ കോഴിക്കോട് വീണ്ടും ഷിഗെല്ല; ഒമ്പത് വയസുകാരന് രോഗബാധ, മലപ്പുറത്ത് ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; ഒമ്പത് വയസുകാരന് രോഗബാധ, മലപ്പുറത്ത് ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു

by ടാർസ്യുസ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.13-ാം വർഡിലെ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.അതേസമയം, വെള്ളത്തില്‍ ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. രണ്ടുഘട്ടങ്ങളിലായി ജില്ലയിലെ 600 ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതില്‍ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ വെള്ളത്തില്‍ മാത്രമാണ് ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാള്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളില്‍ രോഗം തീവ്രമാകാനിടയുണ്ട്.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവ കാണപ്പെടുന്നു. എല്ലാ ഷിഗെല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച്‌ മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതല്‍ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകു.

You may also like

error: Content is protected !!
Join Our WhatsApp Group