ഹൈദരബാദ്: ഉറക്കമില്ലായ്മ രൂക്ഷമായി. ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൈകളില്‍ പിടിച്ചുകൊണ്ട് സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതി ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.ഹൈദരാബാദിലെ മിയാപൂരില്‍ മയൂരി നഗറിലെ ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്മെന്റില്‍ താമസിച്ചിരുന്ന 37 വയസ്സുകാരിയായ ഇഷ സാഹു എന്ന യുവതിയാണ് ജീവനൊടുക്കിയത്.എന്നാല്‍ വീഴ്ചയുടെ ആഘാതത്തിനിടയില്‍ അമ്മയുടെ കൈകളില്‍ നിന്ന് തെന്നിമാറി താഴേക്ക് വീണ കുഞ്ഞ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.സംഭവം നടന്നയുടൻ തന്നെ അപ്പാർട്ട്മെന്റിലെ താമസക്കാരും അടിയന്തര രക്ഷാപ്രവർത്തകരും ഓടിയെത്തി കുഞ്ഞിനെ കെ.പി.എച്ച്.ബിയിലെ ലോട്ടസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് നിലവില്‍ പൂർണ്ണമായും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വിശദമാക്കി. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണ ഇഷ സാഹുവിന് തലയില്‍ അടക്കം അതീവ ഗുരുതരമായ പരിക്കുകള്‍ ഏല്ക്കുകയും സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിക്കുകയുമായിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകള്‍ പ്രകാരം ഇഷ കഴിഞ്ഞ കുറേ മാസങ്ങളായി ഉറക്കമില്ലായ്മ (ഇൻസോമ്നിയ) ഉള്‍പ്പെടെയുള്ള കടുത്ത ഉറക്കസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. ദീർഘനാളായുള്ള ഈ ഉറക്കക്കുറവ് അവരെ വലിയ രീതിയിലുള്ള മാനസിക വിഷമങ്ങളിലേക്കും കടുത്ത സമ്മർദ്ദങ്ങളിലേക്കും നയിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എങ്കിലും ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് വിശദമാക്കി.