കണ്ണൂർ: 20 വർഷമായി ഒളിവില്‍ക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയായ രാഗേഷാണ് പൊലീസിന്‍റെ വലയിലായത്.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്‍റെയും കണ്ണൂർ എസിപി ആസാദിന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കർണാടകയിലെ തർബനഹള്ളിയില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ താവക്കര സ്വദേശിയാണിയാള്‍. രാഗേഷിന്‍റെ വീട്ടില്‍ ചെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചിരുന്നില്ല. പിന്നീട്, രാഗേഷ് ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സുഹൃത്തില്‍ നിന്ന് പഴയ ഒരു ഫോട്ടോയും. ഈ വിവരങ്ങളാണ് ഇയാളെ പിടികൂടുന്നതില്‍ നിർണായകമായത്.
വീട്ടില്‍ ഉണ്ടായിരുന്ന ഫോട്ടോകള്‍ പോലും പ്രതി മാറ്റിയിരുന്നു. സിനിമാ നടൻ ആകണമെന്നും അതിന് ഫോട്ടോ അയച്ചുകൊടുക്കണമെന്നും വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയായിരുന്നു ഈ നീക്കം. അന്വേഷണത്തിനിടയില്‍ സംഘടിപ്പിച്ച അവ്യക്തമായ ഒരു ഫോട്ടോ വിദഗ്ധരായ പ്രൊഫഷണനുകളെ ഉപയോഗിച്ച് മാറ്റം വരുത്തുകയും ആ ഫോട്ടോ ഉപയോഗിച്ച് അന്വേഷണം നടത്തിയതുമാണ് നിർണായകമായത്. ബെംഗളൂരിനടുത്ത് മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തില്‍ ഇയാളെ കണ്ടെന്ന് രാഗേഷിന്‍റെ ഒരു സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി രാഗേഷ് പിടിയിലാവുന്നത്.
കഴിഞ്ഞ 20 വർഷത്തോളമായി സാബു എന്ന പേരില്‍, തൃശൂർ സ്വദേശിനിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍.സാബു എന്ന പേരില്‍ കാറ്ററിങ് ജോലിയുമായി മുന്നോട്ട് പോയിരുന്ന രാഗേഷിനെ കുറിച്ച് നാട്ടുകാർക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയുമായിരുന്നില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനത്തിന്‍റെ വിവരങ്ങള്‍ തിരഞ്ഞ് കണ്ടുപിടിച്ചപ്പോഴാണ് സാബു, രാഗേഷ് തന്നെയാണെന്ന് വ്യക്തമാകുന്നത്. ഈ വാഹനത്തിന്‍റെ ആർസി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫോണ്‍ നമ്പർ ലഭിക്കുകയും അന്വേഷണത്തില്‍ അത് രാഗേഷിന്‍റെ പേരിലുള്ളതാണെന്ന് തെളിയുകയും ചെയ്തു. പിന്നാലെ ഇന്നലെ അർധരാത്രിയോടെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.