Home കർണാടക ബെംഗളൂരുവിലെ നൈസ് റോഡ് വിവാദം; വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു

ബെംഗളൂരുവിലെ നൈസ് റോഡ് വിവാദം; വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ വൻകിട പദ്ധതിയായ നൈസ് റോഡ് വിഷയത്തില്‍ പ്രതിഷേധം ശക്തമാവുന്നു. പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉന്നതതല അന്വേഷണം നടത്തണമെന്ന് കർണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.സർക്കാരുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായല്ല പദ്ധതി നടപ്പാക്കിയതെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.മുഖ്യമന്ത്രി ഡികെ ശിവകുമാറിനും പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്കും സംഘടന കഴിഞ്ഞ ദിവസം നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പൊതുതാല്‍പര്യം മുൻനിർത്തി സർക്കാർ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. പല കോണുകളില്‍ നിന്നും സർക്കാരിന് ഈ വിഷയത്തില്‍ സമ്മർദ്ദം ഉയരുന്നതിന്റെ തുടർച്ചയാണിത്.നൈസ് ബിഎംസിഐപി പദ്ധതിയുടെ നടത്തിപ്പ്, സർക്കാർ കരാറിലെ വ്യവസ്ഥകളുമായുള്ള പൊരുത്തക്കേടുകള്‍ എന്നിവ വിശദമായി പരിശോധിക്കണമെന്നാണ് ആവശ്യം. പദ്ധതിക്കായി അനുവദിച്ച ഭൂമി, സർക്കാർ ആസ്‌തികള്‍, അവകാശങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ എങ്ങനെയാണ് ഉപയോഗിച്ചതെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണമെന്ന് സംഘടന വ്യക്തമാക്കി.കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നൈസ് റോഡ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പദ്ധതിയുടെ നിലവിലെ നിയമപരവും കരാർപരവുമായ സ്ഥിതി വ്യക്തമാകുന്നതുവരെ ടോള്‍ പിരിവ് നിർത്തിവയ്ക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം പൂർത്തിയാക്കി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുതകളും പുറത്തുകൊണ്ടുവരണമെന്നും പൊതുജന താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ സർക്കാർ തുടർനടപടികള്‍ സ്വീകരിക്കണമെന്നും യാത്രാ ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു. നേരത്തെ ജെഡിഎസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.അതേസമയം, നഗരത്തിലെ തിരക്ക് കുറയ്ക്കുകയും ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളെ വേഗത്തില്‍ ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്‌തത്‌. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി ഉണ്ടായെന്ന ആക്ഷേപം ശക്തമാണ്, ഹൈക്കോടതിയും ഇക്കാര്യത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.നിലവില്‍ നൈസ് റോഡ് നഗരത്തിന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ടോള്‍ റോഡായാണ് പ്രവർത്തിക്കുന്നത്. ഹോസൂർ റോഡ്, ബന്നർഘട്ട റോഡ്, കനകപുര റോഡ്, മൈസൂരു റോഡ്, മാഗഡി റോഡ്, തുമകൂരു റോഡ് തുടങ്ങിയ പ്രധാന പാതകളുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍ ടോള്‍ ഈടാക്കുന്നത് നിർത്തിവയ്ക്കണം എന്നാണ് ഉയരുന്ന മറ്റൊരു പ്രധാന ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group