ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത വികസനത്തിന് വലിയ മുന്നേറ്റമായി മാറുന്ന പദ്ധതിയാണ് ബെണ്ണിഗനഹള്ളിയിലെ ഡബിള്‍-ഡെക്കർ ട്രാൻസിറ്റ് കോറിഡോർ.മെട്രോയും സബർബൻ റെയിലും ഒരേ ഭാഗത്ത് കൂടി ഉള്‍പ്പെടുത്തി നിർമ്മിക്കുന്ന ഈ നവീന എൻജിനിയറിങ് മാതൃകയിലൂടെ ഏകദേശം ₹169 കോടി വരെ ലാഭിക്കാൻ കഴിഞ്ഞതായി ബെംഗളൂരു സബർബൻ ട്രാൻസ്പോർട്ട് പ്രോജക്‌ട് (ബിഎസ്‌റ്റിപി) നടപ്പാക്കുന്ന കെ-റൈഡ് അറിയിച്ചു.2021-ലാണ് കെ-റൈഡും ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡും (ബിഎംആർസിഎല്‍) തമ്മില്‍ ഈ സംയുക്ത പദ്ധതിക്കായി കരാറിലെത്തിയത്. അതിന്റെ ഭാഗമായി ഹീലലിഗെയില്‍ നിന്ന് രാജനകുണ്ടെവരെ പോകുന്ന സബർബൻ റെയിലിന്റെ കോറിഡോർ-4 (കനക ലൈൻ) വയഡക്റ്റ്, ബെണ്ണിഗനഹള്ളി ഫ്ലൈഓവറിന് സമീപം നമ്‌മ മെട്രോയുടെ ബ്ലൂ ലൈൻ (ഫേസ് 2A) വയഡക്റ്റിന് താഴെയായാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ക്രമീകരണം ബെംഗളൂരുവിലെ ആദ്യത്തെ ബഹുനില ഗതാഗത ഇടനാഴികളിലൊന്നായി മാറുകയാണ്. ഒരേ സ്ഥലത്ത് മെട്രോയും സബർബൻ റെയിലും പ്രവർത്തിക്കാൻ കഴിയുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതിനാല്‍ ഭൂമി ഏറ്റെടുക്കലും നിർമാണച്ചെലവും ഗണ്യമായി കുറയ്ക്കാനായി എന്നതാണ് പ്രധാന കാര്യം.600 കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കിപദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി കെ-റൈഡ് ചൂണ്ടിക്കാണിക്കുന്നത് ഭൂമി ഏറ്റെടുക്കല്‍ കുറച്ചതുമൂലം സാധ്യമായ സാമൂഹിക നേട്ടങ്ങളാണ്. ഏകദേശം 1.6 ഏക്കർ വിലമതിക്കാനാകാത്ത നഗരഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞതോടെ 600ഓളം താമസക്കാരുടെ കുടിയൊഴിപ്പിക്കല്‍ തടയാനായെന്ന് റിപ്പോർട്ടില്‍ പറയുന്നു. നഗരവികസന പദ്ധതികളില്‍ പതിവായി ഉയരുന്ന പുനരധിവാസ പ്രശ്‌നങ്ങള്‍ ഈ മാതൃകയിലൂടെ വലിയ തോതില്‍ കുറയ്ക്കാനായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.അര കിലോമീറ്ററോളം മെട്രോയും സബർബൻ റെയിലും സമാന്തരമായിബെണ്ണിഗനഹള്ളി മേഖലയിലൂടെ ഏകദേശം അര കിലോമീറ്റർ ദൂരം മെട്രോ ട്രെയിനും സബർബൻ ട്രെയിനും സമാന്തരമായി സർവീസ് നടത്തും. വ്യത്യസ്‌ത സാങ്കേതിക സംവിധാനങ്ങളുള്ള രണ്ട് റെയില്‍ ശൃംഖലകള്‍ ഒരേ ഇടനാഴിയില്‍ പ്രവർത്തിക്കുന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. മെട്രോയും സബർബൻ റെയിലും യഥാക്രമം വ്യത്യസ്‌ത വൈദ്യുത ട്രാക്ഷൻ സംവിധാനങ്ങള്‍ (എസി, ഡിസി) ഉപയോഗിക്കുന്നതിനാല്‍ സുരക്ഷയും സാങ്കേതിക കാര്യക്ഷമതയും ഉറപ്പാക്കാൻ ഈ മാതൃകയെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വിദഗ്‌ധർ പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ട്.
യെശ്വന്ത്പുര്‍ വലിയ മള്‍ട്ടി-മോഡല്‍ ട്രാൻസിറ്റ് ഹബ്ബായി മാറുന്നുഅതേസമയം ബെംഗളൂരുവിലെ പ്രധാന ഗതാഗതകേന്ദ്രമായ യെശ്വന്ത്പുരിനെ മള്‍ട്ടി-മോഡല്‍ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കെഎസ്‌ആർ ബെംഗളൂരു-ദേവനഹള്ളി കോറിഡോർ-1 പദ്ധതിയുടെ ഭാഗമായി സബർബൻ റെയില്‍ പാത മെട്രോ സ്റ്റേഷനും റെയില്‍വേ സ്‌റ്റേഷനും ഇടയിലൂടെ കടന്നുപോകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.ദേവനഹള്ളി വഴിയുള്ള ഈ കോറിഡോറിന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രത്യേക ശാഖാ പാതയും ഉണ്ടായിരിക്കും. ഇതോടെ നഗരമധ്യത്തില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും മാറുമെന്നാണ് പ്രതീക്ഷ.റെയില്‍വേ പുനർവികസനത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാൻ ശ്രമംയെശ്വന്ത്പുര്‍ റെയില്‍വേ സ്‌റ്റേഷൻ നിലവില്‍ ഇന്ത്യൻ റെയില്‍വേയുടെ പുനർവികസന പദ്ധതിയുടെ ഭാഗമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്.
സ്‌റ്റേഷന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ ഉയർന്ന നിലയില്‍ കടന്നുപോകുന്ന സബർബൻ റെയില്‍ വയഡക്റ്റിന്റെ നിർമാണം പിന്നീട് കൂടുതല്‍ സങ്കീർണമാകുമെന്നതിനാല്‍ അതിവേഗത്തില്‍ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കാനാണ് കെ-റൈഡിന്റെ ശ്രമം. ഏകദേശം 500 മീറ്റർ ദൂരത്തില്‍ സ്ഥിരം ഉയർന്ന വയഡക്റ്റ് നിർമ്മിച്ച് കോറിഡോർ-1 നെ കെഎസ്‌ആർ ബെംഗളൂരുവില്‍ നിന്ന് ദേവനഹള്ളിയിലേക്കുള്ള പ്രധാന പാതയുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.ബെംഗളൂരുവിന്റെ ഭാവി ഗതാഗതത്തിന്റെ മാതൃകഗതാഗത ആവശ്യങ്ങള്‍ ദിനംപ്രതി വർധിക്കുന്ന ബെംഗളൂരുവില്‍ ഭൂമി ഏറ്റെടുക്കലും നഗരസാന്ദ്രതയും വലിയ വെല്ലുവിളികളാണ്. അത്തരം സാഹചര്യത്തില്‍ ഒരേ ഇടനാഴിയില്‍ മെട്രോയും സബർബൻ റെയിലും ഉള്‍പ്പെടുത്തുന്ന ഡബിള്‍-ഡെക്കർ കോറിഡോർ മാതൃക ഭാവിയിലെ നഗരഗതാഗത പദ്ധതികള്‍ക്ക് പുതിയ ദിശ നല്‍കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ചെലവ് ലാഭിക്കുന്നതിനൊപ്പം ജനവാസ മേഖലകളെ സംരക്ഷിക്കുകയും ചെയ്യും.