ബെംഗളൂരു: നഗരത്തിലെ സൈക്കിള്‍ യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയുമായി അധികൃതർ. നഗരത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ദൈർഘ്യമേറിയ പ്രത്യേക സൈക്കിള്‍ ട്രാക്കുകളില്‍ ഒന്നായ 10.3 കിലോമീറ്റർ നീളമുള്ള സൈക്കിള്‍ പാത ഒരുക്കുകയാണ് ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി.മഗഡി റോഡിനെയും മൈസൂരു റോഡിനെയും ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ നീളമുള്ള മേജർ ആർട്ടീരിയല്‍ റോഡ് (എംഎആർ) പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കുന്നത്.സാധാരണ വാഹനഗതാഗതത്തില്‍ നിന്ന് വേർതിരിച്ച് സർവീസ് റോഡിനോട് ചേർന്നാണ് സൈക്കിള്‍ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്.
പുതിയ റോഡ് പദ്ധതിയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സൈക്കിള്‍ യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവുന്ന പ്രത്യേക പാത ലഭ്യമാകും. ജൂണ്‍ 27-ന് നടക്കുന്ന കെംപെഗൗഡ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഈ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാനാണ് പദ്ധതി.നഗരത്തിലെ സൈക്കിള്‍ യാത്രാ സൗകര്യങ്ങള്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ശ്രദ്ധ നേടുന്നത്. നേരത്തെ സില്‍ക്ക് ബോർഡിനും കെആർ പുരത്തിനും ഇടയിലുള്ള ഔട്ടർ റിങ് റോഡിലും നഗരമധ്യത്തിലെ ചില ഭാഗങ്ങളിലും സൈക്കിള്‍ ട്രാക്കുകള്‍ ഒരുക്കിയിരുന്നുവെങ്കിലും നമ്മ മെട്രോയുടെ കൂടുതല്‍ നിർമാണം പുരോഗമിച്ചതോടെ അവയില്‍ പലതും ഇല്ലാതായി.ബിഡിഎ ചെയർമാൻ എൻഎ ഹാരിസിന്റെയും കമ്മീഷണർ പി മണിവണ്ണന്റെയും നേതൃത്വത്തില്‍ പദ്ധതി വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയതായി അധികൃതർ അറിയിച്ചു. അണ്ടർപാസ് ഭാഗം ഒഴികെയുള്ള മുഴുവൻ റോഡിലും സൈക്കിള്‍ പാത സജ്ജമാണെന്നും അവർ വ്യക്തമാക്കി. റോഡ് അടയാളങ്ങള്‍, ലെയ്ൻ മാർക്കിംഗ്, അണ്ടർപാസ് പെയിന്റിംഗ് തുടങ്ങിയ അവസാനഘട്ട ജോലികള്‍ പുരോഗമിക്കുകയാണ്.
ടോള്‍ ഇല്ലാതെ മഗഡി റോഡില്‍ നിന്ന് മൈസൂരു റോഡിലേക്ക്വർഷങ്ങളായുള്ള കാലതാമസങ്ങള്‍ക്ക് ശേഷം വേഗം നേടിയെടുത്ത ബെംഗളൂരുവിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നാണ് മേജർ ആർട്ടീരിയല്‍ റോഡ്. ചള്ളഘട്ടയ്ക്കു സമീപമുള്ള തിരക്കേറിയ റെയില്‍വേ പാതയ്ക്ക് കീഴിലുള്ള അണ്ടർപാസ് ഉള്‍പ്പെടെ നിർണായക ഘടകങ്ങള്‍ പൂർത്തിയാക്കിയതോടെയാണ് പദ്ധതിയുടെ അന്തിമഘട്ടത്തിലേക്ക് കടന്നത്.ആറ് ലെയ്ൻ പ്രധാന റോഡും നാല് ലെയ്ൻ സർവീസ് റോഡുകളും ഉള്‍പ്പെടുന്ന 10 ലെയ്ൻ പാതയാണ് ഇത്. മഗഡി റോഡിലെ കടബഗേരെയെയും മൈസൂരു റോഡിലെ ചള്ളഘട്ടയെയും ബന്ധിപ്പിക്കുന്ന ഈ പാത, നാടപ്രഭു കെംപെഗൗഡ ലേഔട്ടിലെ ഒൻപത് ബ്ലോക്കുകള്‍ക്ക് നേരിട്ടുള്ള കണക്റ്റിവിറ്റിയും നല്‍കും.നൈസ് റോഡിലെ ടോള്‍ നല്‍കാതെ തന്നെ വാഹനയാത്രക്കാർക്ക് മഗഡി റോഡിനും മൈസൂരു റോഡിനും ഇടയില്‍ സഞ്ചരിക്കാൻ പുതിയ മാർഗം ലഭിക്കും.പദ്ധതിയുടെ ഭാഗമായി മൂന്ന് വലിയ അണ്ടർപാസുകള്‍, 64 ചെറിയ പാലങ്ങള്‍, 250 മീറ്റർ നീളമുള്ള ടണല്‍ റോഡ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
പുതിയ റോഡ് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റർ വേഗതയില്‍ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഇതോടെ മഗഡി റോഡിനും മൈസൂരു റോഡിനും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഭാവിയില്‍ ബെംഗളൂരു-മൈസൂരു ആക്‌സസ് കണ്‍ട്രോള്‍ഡ് ഹൈവേയുമായി ഈ റോഡിനെ ബന്ധിപ്പിക്കുന്നതിനായി ക്ലോവർലീഫ് ഇന്റർചേഞ്ചും നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു. പെരിഫറല്‍ റിങ് റോഡിന്റെ രണ്ടാം ഘട്ട പദ്ധതി നടപ്പിലാകുമ്പോഴായിരിക്കും ഈ വികസനം. അതുവരെ ചള്ളഘട്ടയില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് വാഹനഗതാഗതം നിയന്ത്രിക്കുമെന്നും ട്രാഫിക് പോലീസുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.