Home കർണാടക ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സര്‍വീസ് ഓഗസ്റ്റ് 15 നകം തുറക്കും? പ്രധാന കടമ്പ പിന്നിട്ട് പദ്ധതി

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സര്‍വീസ് ഓഗസ്റ്റ് 15 നകം തുറക്കും? പ്രധാന കടമ്പ പിന്നിട്ട് പദ്ധതി

ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. ഈ ലൈനിലെ ട്രെയിനുകള്‍ക്ക് ആവശ്യമായ സ്പീഡ് സർട്ടിഫിക്കറ്റ് ലഭിച്ചതായി അധികൃതർ അറിയിച്ചു.റിസർച്ച്‌ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) ആണ് ട്രെയിനുകള്‍ക്ക് സ്പീഡ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.ഈ സാഹചര്യത്തില്‍ ഓഗസ്റ്റ് 15ന് അകം പിങ്ക് ലൈൻ സർവീസ് ആരംഭിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു.ആർ.ഡി.എസ്.ഒയുടെ പരിശോധനകള്‍ക്ക് ശേഷം ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 90 കിലോമീറ്റർ വരെ വേഗത്തില്‍ സുരക്ഷിതമായി സർവീസ് നടത്താമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വേഗപരിധിയുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങളൊന്നും ആർ.ഡി.എസ്.ഒ നിർദേശിച്ചിട്ടില്ല.ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ട്രെയിനുകളുടെ ട്രയല്‍ റണ്ണുകളും സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയത്. ട്രെയിനുകളുടെ ബ്രേക്കിംഗ് സംവിധാനങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഓപ്പറേഷണല്‍ കാര്യക്ഷമത എന്നിവ വിശദമായി പരിശോധിച്ചത്. ഏകദേശം പന്ത്രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനകളാണ് ഇതിനായി നടത്തിയത്.സ്പീഡ് സർട്ടിഫിക്കറ്റ് കൂടി ലഭിച്ചതോടെ അടുത്ത ഘട്ടമായി ബിഎംആർസിഎല്‍ കമ്മീഷണർ ഓഫ് മെട്രോ റെയില്‍ സേഫ്റ്റിക്ക് ഈ രേഖകള്‍ സമർപ്പിക്കും.ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോത്തനൂർ ഡിപ്പോയില്‍ സിഎംആർഎസ് സംഘം ഉടൻ പരിശോധന നടത്തുമെന്നാണ് വിവരം. മെയിന്റനൻസ് സംവിധാനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. സിഎംആർഎസ് നിർദേശങ്ങള്‍ക്കും അംഗീകാരത്തിനും ശേഷമേ വാണിജ്യ സർവീസിന് അന്തിമ അനുമതി ലഭിക്കുകയുള്ളൂ.അതേസമയം സിഗ്നലിംഗ് സംവിധാനങ്ങളുടെ സുരക്ഷാ നിലവാരം ഉറപ്പാക്കുന്നതിനായി ഇൻഡിപെൻഡന്റ് സേഫ്റ്റി അസസർ (ISA) സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമങ്ങളും ബിഎംആർസി ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമായ ജോഡോവ ടെക്നോളജീസാണ് ഈ സർട്ടിഫിക്കേഷൻ നടപടികള്‍ കൈകാര്യം ചെയ്യുന്നത്. സിഗ്നലിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സാങ്കേതിക സംവിധാനങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഇതിലൂടെ ഉറപ്പാക്കും. ജൂലൈ അവസാനത്തോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഓഗസ്റ്റില്‍ സർവീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.പിങ്ക് ലൈനിന്റെ ആദ്യഘട്ടമായി 7.5 കിലോമീറ്റർ ദൂരമുള്ള പാതയാണ് നിലവില്‍ സർവീസിനായി തയ്യാറായിരിക്കുന്നത്. കലേന അഗ്രഹാര മുതല്‍ താവരേക്കെരെ വരെയുള്ള ഭാഗമാണ് ആദ്യമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക.ആറ് സ്റ്റേഷനുകളാണ് ആദ്യഘട്ട പാതയില്‍ ഉള്‍പ്പെടുന്നത്. ജയദേവ ആശുപത്രിക്ക് സമീപം പുതിയ ഇന്റർചേഞ്ച് സ്റ്റേഷനും ഈ പാതയുടെ ഭാഗമായുണ്ടാകും. ഇതുവഴി നഗരത്തിലെ മറ്റ് മെട്രോ ലൈനുകളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.പിങ്ക് ലൈനിനായി ആവശ്യമായ ട്രെയിനുകളില്‍ ആറെണ്ണം ഇതിനകം ബി ഇ എം എല്‍ ബി എം ആർ സി.എല്ലിന് കൈമാറിയിട്ടുണ്ട്. ആദ്യഘട്ട സർവീസ് ആരംഭിക്കാൻ ഇവ മതിയാകുമെന്നാണ് വിലയിരുത്തല്‍. പുതിയ പാത പ്രവർത്തനം ആരംഭിക്കുന്നതോടെ ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിലോമീറ്ററാകും.

ഇതോടെ 101.43 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ മെട്രോ ശൃംഖലയെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയായി ബെംഗളൂരു മാറും.അതേസമയം, സ്റ്റേഷനുകളിലെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മെയ് മാസത്തെ പുരോഗതി റിപ്പോർട്ട് പ്രകാരം സിവില്‍ നിർമാണ പ്രവർത്തനങ്ങള്‍ 98.07 ശതമാനം പൂർത്തിയായിട്ടുണ്ട്. പിങ്ക് ലൈനിന്റെ ഏറ്റവും വലിയ ഭാഗമായ 13.75 കിലോമീറ്റർ ഭൂഗർഭ പാത ഈ വർഷം ഡിസംബറില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഡയറി സർക്കിള്‍ മുതല്‍ നാഗവാര വരെയുള്ള ഭാഗമാണ് ഭൂഗർഭ പാതയായി നിർമ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ സർവീസ് നടത്തുന്ന അതേ ട്രെയിനുകള്‍ തന്നെയായിരിക്കും ഈ ഭൂഗർഭ പാതയിലും ഉപയോഗിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group