ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ സമയങ്ങളിലെ കാബ് നിരക്കുകളെതിരെ വീണ്ടും വിമർശനം ശക്തമാകുന്നു. കോറമംഗലയില്‍ നിന്ന് ഇന്ദിരാനഗറിലേക്കുള്ള 10 കിലോമീറ്ററില്‍ താഴെയുള്ള യാത്രയ്ക്ക് 700 രൂപയില്‍ അധികമാണ് നിരക്ക് കാണിച്ചതെന്ന് പറഞ്ഞുള്ള യുവതിയുടെ സമൂഹമാധ്യമ പോസ്റ്റാണ് പുതിയ ചർച്ചയ്ക്ക് വഴിവെച്ചത്.പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് കാബ് യാത്രയിലെ ബുദ്ധിമുട്ടുകള്‍ വിവരിച്ച് രംഗത്തെത്തിയത്.എക്സ് ഉപയോക്താവായ നിവേദിതയാണ് കാബ് ആപ്പില്‍ കാണിച്ച നിരക്കിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചത്. വൈകിട്ട് തിരക്കേറിയ സമയത്ത് കോറമംഗലയില്‍ നിന്ന് ഇന്ദിരാനഗറിലേക്കുള്ള യാത്രയ്ക്ക് 700 രൂപയില്‍ അധികം നിരക്ക് ആവശ്യപ്പെട്ടതാണ് അവർ ചോദ്യം ചെയ്തത്.
‘രാത്രി 7 മണിക്ക് 700 രൂപയില്‍ കൂടുതല്‍ യാത്രാക്കൂലി എന്നത് പകല്‍ക്കൊള്ളയാണ്’ എന്ന കുറിപ്പോടെയായിരുന്നു നിവേദിതയുടെ പോസ്റ്റ്. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പോസ്റ്റ് വൈറലായി. നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയത്.സമാന അനുഭവങ്ങള്‍ നേരിട്ടതായി നിരവധി ഉപയോക്താക്കള്‍ കമന്റുകളിലൂടെ പങ്കുവെച്ചു. നഗരത്തില്‍ ആപ്പ് അധിഷ്ഠിത കാബ് സേവനങ്ങള്‍ ഉപയോഗിക്കുന്നവർ നേരിടുന്ന പലതരം പ്രശ്നങ്ങളും ആളുകള്‍ ചൂണ്ടിക്കാട്ടി. ഉയർന്ന നിരക്കുകള്‍ ഈടാക്കുമ്പോഴും മോശം സേവനമാണ് നല്‍കുന്നതെന്നാണ് ചിലരുടെ വിമർശനം. ചില ഡ്രൈവർമാരുടെ മര്യാദയില്ലാത്ത പെരുമാറ്റത്തെ കുറിച്ച് ചിലർ പരാതി പറഞ്ഞപ്പോള്‍ ബുക്കിംഗ് സ്വീകരിച്ച ശേഷം യാത്ര റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള പരാതികള്‍ ഉയർത്തുന്നവരും കുറവല്ല.
ബെംഗളൂരുവിലെ യാത്രാച്ചെലവുകള്‍ രാജ്യത്തെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്തും ചിലർ പ്രതികരിച്ചു.ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള സർജ് പ്രൈസിംഗിന് പകരം കിലോമീറ്ററിന് നിശ്ചിത നിരക്ക് ഏർപ്പെടുത്തണമെന്ന അഭിപ്രായമാണ് ചില ഉപയോക്താക്കള്‍ പങ്കുവെച്ചത്. ബുക്കിംഗ് സ്വീകരിച്ച ശേഷം ഡ്രൈവർമാർ യാത്ര റദ്ദാക്കുന്ന സാഹചര്യങ്ങളില്‍ യാത്രക്കാർക്ക് നഷ്ടപരിഹാരം നല്കുന്ന സംവിധാനം വേണമെന്നും ഇവർ പറയുന്നുഉയർന്ന നിരക്കുകള്‍ നേരിട്ട മറ്റ് യാത്രക്കാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. രാത്രി 11.30ഓടെ ഉല്‍സൂരില്‍ നിന്ന് ബനസ്വാടിയിലേക്കുള്ള യാത്രയ്ക്ക് 500 രൂപ ഈടാക്കിയതായി ഒരു ഉപയോക്താവ് പറഞ്ഞു. രാത്രി വൈകിയ സമയത്തും സർജ് പ്രൈസിംഗ് ബാധകമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
എന്നാല്‍ കാബ് നിരക്കുകളെതിരായ വിമർശനങ്ങളോട് എല്ലാവരും യോജിച്ചില്ല. ആവശ്യക്കാർ കൂടുതലുള്ള സമയങ്ങളില്‍ നിരക്ക് വർധിക്കുന്നത് സ്വാഭാവികമാണെന്നും കാബ് സേവനങ്ങള്‍ ഡിമാൻഡും ലഭ്യതയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.യാത്രക്കാർക്ക് കാത്തിരിക്കാനോ ബസ്, മെട്രോ തുടങ്ങിയ മറ്റ് യാത്രാമാർഗങ്ങള്‍ തിരഞ്ഞെടുക്കാനോ അവസരമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തിരക്കേറിയ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കുറഞ്ഞ നിരക്കില്‍ കാബ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യബോധമില്ലാത്ത സമീപനമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
മികച്ച സേവനം വേണം ,ഉടൻ വാഹനം ലഭിക്കണം, കുറഞ്ഞ നിരക്കേ പാടുളളൂ എന്ന് പറയുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. നഗരത്തില്‍ കനത്ത ഗതാഗതക്കുരുക്കും മഴയും പതിവായ സാഹചര്യത്തില്‍ ഡ്രൈവർമാർക്കും കൂടുതല്‍ സമയം റോഡില്‍ ചെലവഴിക്കേണ്ടി വരുന്നതായും അവർ ചൂണ്ടിക്കാട്ടി.ബെംഗളൂരുവില്‍ ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ കാബ് സേവനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഉയർന്ന നിരക്കുകളെക്കുറിച്ചുള്ള പരാതികള്‍ പുതിയതല്ല. എന്നിരുന്നാലും ഒരു ചെറിയ യാത്രയ്ക്ക് 700 രൂപയില്‍ അധികം നിരക്ക് എന്നത് ചെറിയ പരാതിയല്ലെന്ന അഭിപ്രായമാണ് കൂടുതലും. ഇനി മഴ കൂടി കനത്താല്‍ ബെംഗളൂരുവിലെ കാബ് യാത്രകള്‍ കൂടുതല്‍ ചെലവേറിയതാകും എന്ന കാര്യത്തില്‍ സംശയമില്ല.