Home കർണാടക പുതിയ കാലത്തെ രീതികളുമായി ബെംഗളൂരു നഗരം; മാലിന്യ ശേഖരണത്തിന് ഗോബ്ലര്‍ യന്ത്രങ്ങള്‍ കൊണ്ട് വരും!

പുതിയ കാലത്തെ രീതികളുമായി ബെംഗളൂരു നഗരം; മാലിന്യ ശേഖരണത്തിന് ഗോബ്ലര്‍ യന്ത്രങ്ങള്‍ കൊണ്ട് വരും!

ബെംഗളൂരു: നഗരത്തെ സംബന്ധിച്ച്‌ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയൊരു മുന്നേറ്റത്തിന് തന്നെയാണ് അടുത്തകാലത്തായി സാക്ഷ്യം വഹിച്ചത്.റോഡുകളും മേല്‍പ്പാലങ്ങളും മെട്രോയും ഒക്കെയായി നഗരം വികസിക്കുമ്പോഴും അതിനിടയില്‍ വലിയൊരു വെല്ലുവിളിയായി പ്രാദേശിക ഭരണകൂടത്തിന് മുൻപില്‍ ഉണ്ടായിരുന്ന ഒന്നാണ് മാലിന്യ നിർമ്മാർജനം. നഗരത്തിലെ തെരുവുകള്‍ വൃത്തിഹീനമായി കിടക്കുന്നത് പലപ്പോഴും വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.ഇപ്പോഴിതാ മാലിന്യ ശേഖരണത്തിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അഥവാ ജിബിഎ ‘ഗോബ്ലർ’ യന്ത്രങ്ങള്‍ ഉപയോഗിക്കാൻ ആലോചിക്കുകയാണ്. റോഡുകള്‍ വൃത്തിയാക്കാൻ സഹായിക്കുന്ന ശക്തമായ സക്ഷൻ സംവിധാനങ്ങളുള്ള സ്‌മാർട്ട് ലിറ്റർ പിക്കർ യന്ത്രങ്ങളാണിവ.

കഴിഞ്ഞ ദിവസം കൊമേഴ്സ്യല്‍ സ്ട്രീറ്റില്‍ യന്ത്രത്തിന്റെ പ്രദർശനം കണ്ട ശേഷം, ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു പരീക്ഷണ ഓട്ടങ്ങള്‍ നടത്താനും പ്രകടന റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.’240 ലിറ്റർ മാലിന്യ ശേഖരണ കണ്ടെയ്‌നർ, ഡസ്‌റ്റ് ഫില്‍ട്ടർ, കണ്‍ട്രോള്‍ ബട്ടണുകള്‍, മാലിന്യം ശേഖരിക്കാനുള്ള ജോയിസ്‌റ്റിക്ക്, മിന്നുന്ന മുന്നറിയിപ്പ് ലൈറ്റ്, രാത്രി പ്രവർത്തനങ്ങള്‍ക്കുള്ള എല്‍ഇഡി ലൈറ്റ്, പിന്നോട്ട് പോകുമ്പോഴുള്ള മുന്നറിയിപ്പ് അലാറം, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവ ഗോബ്ലർ യന്ത്രത്തില്‍ ഉള്‍പ്പെടുന്നു. മാലിന്യം ശേഖരിച്ച ശേഷം, ജൈവവിയോജക ബാഗുകള്‍ ഉപയോഗിച്ച്‌ ഇത് സൂക്ഷിക്കാനും സംസ്‌കരിക്കാനും കഴിയും’ എന്ന് ജിബിഎ ഒരു പ്രസ്‌താവനയില്‍ അറിയിച്ചു.റോഡരികിലെ പൊടി, മരക്കഷണങ്ങള്‍, പ്ലാസ്‌റ്റിക്, പേപ്പർ, ഗ്ലാസ്, ഉണങ്ങിയ ഇലകള്‍, പ്ലാസ്‌റ്റിക് കവറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മാലിന്യം കാര്യക്ഷമമായി വലിച്ചെടുത്ത് വൃത്തിയാക്കാൻ യന്ത്രത്തിന് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇത് റോഡുകള്‍ ശുചിയാക്കാൻ സഹായിക്കുകയും മാലിന്യ ശേഖരണം കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. 12 ലിറ്റർ ജലസംഭരണ ശേഷിയും പ്രഷർ പൈപ്പ് ക്ലീനിംഗ് സംവിധാനവും ഇതിനുണ്ട്.

ഈ ഗോബ്ലർ യന്ത്രങ്ങള്‍ ഒരൊറ്റയാള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകും. ഓപ്പറേറ്റർക്ക് യന്ത്രത്തില്‍ നിന്ന് കൊണ്ട് സഞ്ചരിക്കുകയോ, അല്ലെങ്കില്‍ യന്ത്രത്തോടൊപ്പം നടന്നുകൊണ്ട് ഇത് പ്രവർത്തിപ്പിക്കുകയോ ചെയ്യാം. അതുകൊണ്ട് തന്നെ മാനുഷിക അധ്വാനവും ഇതിനെ സംബന്ധിച്ച്‌ മറ്റ് സാധാരണ രീതികളെക്കാള്‍ വളരെ കുറവാണ്. മാത്രമല്ല മനുഷ്യരേക്കാള്‍ കാര്യക്ഷമമായി പ്രവർത്തിക്കാനും ഇത്തരം യന്ത്രങ്ങള്‍ക്ക് സാധിക്കും.കെആർ മാർക്കറ്റ്, റസ്സല്‍ മാർക്കറ്റ്, കൊമേഴ്സ്യല്‍ സ്ട്രീറ്റ്, എംജി റോഡ്, ചർച്ച്‌ സ്ട്രീറ്റ്, മറ്റ് സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) റോഡുകളില്‍ ഈ യന്ത്രം പരീക്ഷിക്കുമെന്ന് ബെംഗളൂരു സെൻട്രല്‍ സിറ്റി കോർപ്പറേഷൻ കമ്മീഷണർ രാജേന്ദ്ര ചോളൻ വ്യക്തമാക്കിയതോടെ ബെംഗളൂരു നഗരം വലിയൊരു മാറ്റത്തിന് തന്നെ ഒരുങ്ങുകയാണ്. ഇതിന്റെ പ്രവർത്തനം തൃപ്‌തികരമാണെന്ന് കണ്ടെത്തിയാല്‍ ഭാവിയില്‍ നഗരം മുഴുവൻ പദ്ധതി വ്യാപിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group