ബെംഗളൂരു: ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയണ്‍സ് ബോക്സിങ് ക്ലബ്ബില്‍ പ്രായപൂർത്തിയാകാത്ത വനിതാ താരത്തെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പതിനേഴുകാരിയായ ബോക്സിങ് താരത്തിന്റെ പരാതിയില്‍ കോച്ചിനെതിരെ പോലീസ് കേസെടുത്തു. ലയണ്‍സ് ബോക്സിങ് ക്ലബ്ബിലെ പരിശീലകനായ രാമചന്ദ്ര (50) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെയ് 22-ന് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കഴിഞ്ഞ 10 വർഷമായി പെണ്‍കുട്ടി ഈ ക്ലബ്ബിലാണ് ബോക്സിങ് പരിശീലനം നേടിയിരുന്നത്. കഴിഞ്ഞ നാല് വർഷമായി കോച്ച് രാമചന്ദ്ര മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്നും കഴിഞ്ഞ അഞ്ച്-ആറ് മാസങ്ങളായി ഇത് അതിരുകടന്നെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. കണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ച് പലതവണ കോച്ച് പെണ്‍കുട്ടിയോട് അനാവശ്യമായി അടുക്കാൻ ശ്രമിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പർശിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.കൂടാതെ, മെയ് 17-ന് ചെന്നൈയില്‍ നടന്ന ഒരു ബോക്സിങ് മത്സരത്തിനിടെ, കോച്ച് പെണ്‍കുട്ടിയെ തന്റെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊന്നുകളയുമെന്ന് കോച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാർ ആരോപിച്ചു.ഈ സംഭവത്തെക്കുറിച്ച് മുൻപ് തന്നെ ഒരു പ്രത്യേക സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിരുന്നതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത, 2023 ലെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രായപൂർത്തിയാകാത്ത ബോക്സിങ് താരത്തിന് നേരെ പീഡനശ്രമം; കോച്ചിനായി പോലീസ് വലവിരിച്ചു
previous post