ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിനുശേഷം ഇപ്പോള്‍ വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു.അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെ ഏറ്റവും കൂടുതല്‍ സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നു. എന്നിരുന്നാലും, വിജയ് ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ, അദ്ദേഹത്തിന്റെ പിതാവ് എസ്‌എ ചന്ദ്രശേഖർ വിജയ്‌യുടെ ആരാധക സംഘത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ട് വിവാദത്തിന് തിരികൊളുത്തിയിരുന്നു.കൂടാതെ വിജയിയുടെ ദൈവവിശ്വാസത്തെയും മാതാപിതാക്കളുടെ വിവാഹത്തെയും കുറിച്ചുള്ള പഴയ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. ഒഎസ്ഡിയായി ജോത്സ്യനെ നിയമിക്കുകയും വിമർശനമുയർന്നതിന് പിന്നാലെ തീരുമാനം പിൻവലിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് തന്റെ ഭരണകൂടം മതേതരമായിരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്ന തന്റെ നിലപാട് വിജയ് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.’ബീസ്റ്റ്’ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് സംവിധായകൻ നെല്‍സണ്‍ ദിലീപ്കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് വിജയ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത്.
“എന്റെ അമ്മ ശോഭ ഒരു ഹിന്ദുവും അച്ഛൻ എസ്.എ. ചന്ദ്രശേഖർ ക്രിസ്ത്യനുമാണ്. അവർ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. തന്റെ വളർച്ചയുടെ ഒരു ഘട്ടത്തിലും ഇന്ന സ്ഥലത്ത് പോകണം, പോകരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ മാതാപിതാക്കള്‍ ഏർപ്പെടുത്തിയിട്ടില്ലെന്നും അതേ സ്വാതന്ത്ര്യമാണ് താൻ തന്റെ മക്കള്‍ക്കും നല്‍കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.ദൈവവിശ്വാസത്തെക്കുറിച്ച് വിജയ് അഭിമുഖത്തില്‍ പറയുന്നുണ്ട്. താങ്കള്‍ ഒരു വിശ്വാസിയാണോ എന്ന നെല്‍സന്റെ ചോദ്യത്തിന് താൻ ഉറച്ച ദൈവവിശ്വാസിയാണെന്നായിരുന്നു വിജയിന്റെ മറുപടി. “പള്ളിയില്‍ പോകുന്നത് എനിക്ക് നല്ലൊരു അനുഭൂതിയാണ് നല്‍കുന്നത്. പള്ളിയില്‍ മാത്രമല്ല, പിള്ളയാർപെട്ടി വിനായക ക്ഷേത്രത്തിലും തിരുനള്ളാർ ക്ഷേത്രത്തിലും ഞാൻ പോകാറുണ്ട്. അവിടെ നിന്നെല്ലാം ഒരേ ദിവ്യാനുഭൂതിയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ‘കത്തി’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കടപ്പയിലെ പ്രശസ്തമായ അമീൻപീർ ദർഗ സന്ദർശിച്ച കാര്യവും അദ്ദേഹം അഭിമുഖത്തില്‍ ഓർത്തെടുക്കുന്നുണ്ട്. ഏത് ആരാധനാലയത്തില്‍ പോയാലും ഒരേപോലെയുള്ള പോസിറ്റീവ് ഊർജ്ജമാണ് തനിക്ക് ലഭിക്കുന്നതെന്നും വിജയ് പറയുന്നു.ചിത്രീകരണത്തിനിടയില്‍ വിജയ് ആരോടും പറയാതെ പള്ളിയില്‍ പോയി പ്രാർത്ഥിച്ച അനുഭവം നെല്‍സണ്‍ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളാണ് വിജയ് നേടിയത്.